തിരുവനന്തപുരം: പ്ളാസ്റ്റിക്ക് നിരോധനത്തിന് ആഹ്വാനവും പരിശോധനയും നഗരസഭ ശക്തമാക്കുമ്പോൾ പൂട്ട് വീണ നഗരസഭയുടെ തുണി സഞ്ചി യൂണിറ്റുകൾ ഇന്നും ആരംഭിച്ചിട്ടില്ല. ലക്ഷങ്ങൾ മുടക്കി വാങ്ങിയ മെഷീനുകൾ തുരുമ്പെടുത്ത് പോകുന്നതല്ലാതെ ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

സൂപ്പർ ഹിറ്റിൽ പ്രവർത്തിച്ചിരുന്ന യൂണിറ്രുകൾ കൊവിഡിന്റെ പേരും പറഞ്ഞാണ് രണ്ട് വർഷം മുൻപ് പൂട്ടിയത്.

കുടുംബശ്രീ യൂണിറ്റുകൾക്കായിരുന്നു നടത്തിപ്പ് ചുമതല. ഇപ്പോൾ എല്ലാ യൂണിറ്റുകളും നിറുത്തി പോയി. ഇത് വരെ അടച്ച കേന്ദ്രങ്ങൾ ഒരു വട്ടം പോലും തുറന്ന് നോക്കാൻ അധികൃതർ തുനിഞ്ഞിട്ടില്ല. മുട്ടട, നെട്ടയം, വള്ളക്കടവ്, പോങ്ങുംമൂട്, കുന്നൻപാറ എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. പ്രവർത്തനം നിലച്ചതോടെ മെഷീനുകളും തകരാ‌റിലായി. പലതും റിപ്പയർ ചെയ്ത് ശരിയാക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.

വമ്പൻ പ്രഖ്യാപനം, പിന്നെ അനക്കമില്ല

ആദ്യഘട്ടത്തിൽ നഗരസഭ പരിധിയിലെ 'ഒാരോ വീട്ടിലും ഒരു തുണി സഞ്ചി' വിതരണം എന്ന പദ്ധതി കുടുംബശ്രീ, ഹരിതകർമ്മസേന സംവിധാനം വഴി നടപ്പിലാക്കും.

സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുമ്പോൾ പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരം തുണി സഞ്ചി നൽകും.  തുണി സഞ്ചിയുടെ ഓർഡറുകൾ സ്വീകരിക്കുന്നതിന് വേണ്ടി ശക്തമായ മാർക്കറ്റിംഗ് സംവിധാനം നഗരസഭ, കുടുംബശ്രീ സി.ഡി.എസ് തലത്തിൽ രൂപീകരിക്കും. ഇതിനായി സപ്ലൈകോ, മാർജിൻ ഫ്രീ മാർക്കറ്റുകൾ, വിവിധ അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കും.

നഗരസഭയിൽ ഓൺലൈനായി ഓർഡർ സ്വീകരിക്കുന്നതിനുള്ള സംവിധാനം, നേരിട്ട് ലഭിക്കുന്ന ഓർഡർ ഓൺലൈൻ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം, സ്ഥാപനങ്ങളിൽ നിന്ന് മാർക്കറ്റിംഗ് ടീം വഴി ഓർഡർ സ്വീകരിക്കുന്നതിനുള്ള സംവിധാനം, മാർക്കറ്റിംഗ് ഔട്‌ലെറ്റുകൾ, സി.എൽ.സി സംവിധാനം വഴി ഓർഡർ ലഭ്യമാക്കൽ എന്നിവയും ഓർഡർ വിതരണം നടത്തുന്നതിന് നഗരസഭ വഴി നേരിട്ടോ, മാർക്കറ്റിംഗ് ഔട്‌ലെറ്റുകൾ, സി.എൽ.സി വഴിയോ നടത്തുന്ന സംവിധാനം സജ്ജീകരിക്കും.

സ്ഥിരം ഉപഭോക്താക്കളുടെ വിവരണശേഖരണവും നടത്തും.

തുണി സഞ്ചികൾക്ക് പുറമെ പ്രെഗ്നൻസി വെയർ, കിഡ്സ് വെയർ, മതാചാരത്തിനാവശ്യമായ തുണിത്തരങ്ങൾ, ചവിട്ടികൾ, മെത്തക്കവറുകൾ, അലങ്കാര വസ്തുക്കൾ, സ്കൂൾ യൂണിഫോം, ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം എന്നിവ വരുമാനം കൂട്ടുന്നതിന് നിർമ്മിക്കും.

കേരള ടെക്സ്‌റ്റൈൽ കോർപ്പറേഷനിൽ നിന്നാണ് സഞ്ചി നിർമ്മാണത്തിന് തുണി എടുത്തിരുന്നത്. മീറ്ററിന് 45 രൂപയിലധികം വിലയിലാണ് എടുക്കുന്നത്. ഒരു തുണി സഞ്ചിക്ക് 25 രൂപ വരെ നിർമ്മാണ ചെലവ് വരും. 9.5,12.5 രൂപക്കുള്ള സഞ്ചികളാണ് വിപണനം നടത്തുന്നത്

ഹിറ്റാകും തുണി സഞ്ചികൾ വന്നാൽ

പ്ളാസ്റ്റിക്ക് നിരോധനമുള്ളത് കാരണം തുണി സഞ്ചിക്ക് വമ്പൻ ഡിമാന്റാണ്. സാധാരണ കടയിൽ നിന്ന് കൊള്ള വില ഈടാക്കി ഇവ വിൽക്കുമ്പോൾ സാധാരണ വിലയിൽ നഗരസഭ തന്നെ ഉണ്ടാക്കി വിൽക്കുമ്പോൾ ആവശ്യക്കാർ ഏറെയെത്തും. പല വമ്പൻ കമ്പനികൾ പോലും ഇതിന് വേണ്ടി നഗരസഭയെ സമീപിച്ചതായും സൂചനയുണ്ട്.