തിരുവനന്തപുരം: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിൽ നിർമ്മിക്കുന്ന ജന്മസ്ഥാന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഇന്ന് നടക്കും. പ്രതിഷ്ഠാ ചടങ്ങുകൾ ക്ഷേത്രതന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ നേതൃത്തിൽ ഇന്നലെ വൈകിട്ട് തുടങ്ങി. ശുദ്ധികർമ്മങ്ങളും കലശപൂജയും അടക്കമുള്ള ചടങ്ങുകൾ നടന്നു.

ഇന്ന് രാവിലെ 7.30നും 8.15നും ഇടയിലാണ് വിഗ്രഹ പ്രതിഷ്ഠ. തുടർന്ന് 11ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണവും പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തും. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ അദ്ധ്യക്ഷനാകും. വൈകിട്ട് പ്രത്യേക പൂജകളും ഭജനയും നടക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് ചട്ടമ്പിസ്വാമി ക്ഷേത്രവും പഠനകേന്ദ്രവും നിർമ്മിച്ചത്.
കണ്ണമ്മൂലയിൽ പത്തര സെന്റ് സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചത്. 80 സെന്റീമീറ്റർ ഉയരമുള്ള ചട്ടമ്പിസ്വാമി വിഗ്രഹത്തിന് 325 കിലോ ഭാരമുണ്ട്.
പ്രതിഷ്ഠയ്ക്ക് മുന്നോടിയായി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാറിന്റെ നേതൃത്വത്തിൽ വിഗ്രഹപ്രയാണ ഘോഷയാത്ര നടന്നിരുന്നു. ജന്മസ്ഥാന ക്ഷേത്രത്തിൽ നിത്യപൂജകളും പ്രത്യേക വഴിപാടുകളും ഉണ്ടാകും.
ക്ഷേത്രത്തിനൊപ്പം നിർമ്മിക്കുന്ന രണ്ട് നില കെട്ടിടത്തിലാണ് പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ചട്ടമ്പിസ്വമിയുടെ ഗ്രന്ഥങ്ങളടങ്ങുന്ന ഗ്രന്ഥശാലയും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കും.

വാസ്തുശാസ്‌ത്രം അനുസരിച്ച് സുനിൽ പ്രസാദാണ് ക്ഷേത്രത്തിന്റെ രൂപകല്പന നിർവഹിച്ചത്. ചട്ടമ്പിസ്വാമികളുടെ പഞ്ചലോഹവിഗ്രഹം ഒരുക്കിയത് ശില്പി ഷമ്മി പ്രസാദാണ്.