
@അടുത്തറിഞ്ഞവർക്ക് മറക്കാനാകില്ലെന്ന് ഡോ.ജ്യോതിദേവ്
തിരുവനന്തപുരം: മുന്നിലെത്തുന്ന രോഗിയുടെയും ബന്ധുവിന്റേയും മനസിന്റെ വേദന മനസിലാക്കി ചികിത്സയ്ക്കൊപ്പം സാന്ത്വനവും പകർന്ന ഡോക്ടറായിരുന്നു ഇന്നലെ അന്തരിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ.എൻ. അഹമ്മദ് പിള്ള. സ്വന്തം പ്രവർത്തിയിലൂടെ അക്കാലത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്കും അദ്ദേഹം സ്നേഹചികിത്സാ രീതി പകർന്നു നൽകി. പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോ.ജ്യോതിദേവ് കേശവദേവ് തന്റെ അദ്ധ്യാപകനും പിതൃതുല്യനുമായ അഹമ്മദ്പിള്ളയെ കുറിച്ച് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
അച്ഛൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നപ്പോൾ കടുത്തപനി ബാധിച്ച് കൂട്ടിരുന്ന ഏഴാം ക്ലാസുകാരനായ തനിക്കും അമ്മയ്ക്കും കൈതാങ്ങായ ഡോ.അഹമ്മദ് പിള്ളയെ കുറിച്ച് ഓർക്കുമ്പോൾ കണ്ണുനിറയും.തുടർന്ന് വിദ്യാർത്ഥിയായി മെഡിക്കൽ കോളേജിലെത്തിയപ്പോൾ മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മുഖമായ ഡോക്ടറെയും കണ്ടു. ക്ഷമയോടെ രോഗവിവരങ്ങൾ കേട്ടിരിക്കുക, അല്പം പോലും ദേഷ്യപ്പെടാതെ, കുറ്റപ്പെടുത്താതെ രോഗികളോടും ബന്ധുക്കളോടും ഇടപഴകുക, ഒരു ഉത്തമഡോക്ടർക്കുള്ള മിക്ക ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ഡോക്ടർ രോഗികളെ ചികിത്സിക്കുക മാത്രമല്ല, സമൂഹത്തെയും സേവിക്കണമെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചു. നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിത്സ, ആരോഗ്യ ബോധവത്കരണ പരിപാടികൾ, ശുചീകരണ പദ്ധതികൾ ഇങ്ങനെ നീളുന്നു അദ്ദേഹം വിദ്യാർത്ഥികളിലെ മനുഷ്യമൂല്യങ്ങൾ രാകിമിനുക്കാൻ ആവിഷ്കരിച്ച പദ്ധതികൾ. ഒരു പാഠപുസ്തകത്തിൽ നിന്നും പഠിച്ചെടുക്കാൻ പറ്റാത്ത പാഠങ്ങളാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്. അക്കാലത്ത് മെഡിക്കൽ കോളേജിൽ പഠിച്ച ഓരോ ഡോക്ടർമാരുടെയും ജീവിതത്തിൽ അഹമ്മദ് പിള്ളയെന്ന ഗുരു നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ജ്യോതിദേവ് സംശയമില്ലാതെ പറയുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം കോസ്‌മോ ആശുപത്രിയിലെത്തിയ അദ്ദേഹം ഹോം കെയർ ചികിത്സയ്ക്ക് പുതിയമാനം നൽകിയെന്ന് ഡോക്ടർമാർ പറയുന്നു. വികലാംഗരായ രോഗികളെ വീട്ടിലെത്തി ചികിത്സിക്കാൻ മടികാണിക്കാത്ത മുതിർന്ന ഡോക്ടറായിരുന്നു അഹമ്മദ് പിള്ളയെന്നും സഹപ്രവർത്തകർ ഓർമ്മിക്കുന്നു.