
കല്ലറ: മഠത്തുവാതുക്കൽ ഗവൺമെന്റ് എൽ.പി.എസ് സ്വച്ഛ് വിദ്യാലയ പുരസ്‌കാര നിറവിൽ. 2021-2022 അദ്ധ്യയന വർഷത്തെ കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ രണ്ടു തവണത്തെ പരിശോധനകൾക്ക് ശേഷമാണ് സ്കൂളിനെ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. സ്കൂളിന്റെ പ്രവർത്തന മികവ്,ക്ലാസ് മുറികളുടെ ശുചിത്വം,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലെറ്റുകൾ-അവയുടെ ശുചിത്വം, മാസ്ക് എന്നിവയുടെ പ്രാധാന്യം പരിശോധനകൾക്ക് മാനദണ്ഡമായി. ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ പട്ടികയിൽ 89 ശതമാനം മാർക്കോടെ ഫോർ സ്റ്റാർ പദവിയിലേക്ക് എത്താൻ സ്കൂളിന് കഴിഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കളക്ടർ നവജോത് ഖോസയിൽ നിന്ന് സ്കൂൾ പ്രഥമാദ്ധ്യാപിക ബിനികുമാരി പുരസ്‌കാരം ഏറ്റുവാങ്ങി.