niyamasabha

ജീവിതത്തിൽ ശുദ്ധി പുലർത്തിയാൽ ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെ ഉപദേശിച്ചു. വിപാസനധ്യാനം പരിശീലിക്കുന്ന രാഹുൽഗാന്ധിയെ പോലും കടത്തിവെട്ടുന്ന മോട്ടിവേഷണൽ സ്പീക്കറുടെ ഭാവമായിരുന്നു അദ്ദേഹത്തിൽ. ഓഫീസാക്രമിച്ച കുട്ടികളോടാണ് രാഹുൽഗാന്ധി ക്ഷമിച്ചതെങ്കിൽ മുഖ്യമന്ത്രി സദ്ബുദ്ധിയുപദേശിച്ചത് പ്രതിപക്ഷത്തെയാകെയാണ് .

എന്തോ മറയ്ക്കാൻ രാഷ്ട്രീയനാടകങ്ങളുണ്ടാക്കുന്നെന്ന പ്രതിപക്ഷ ആരോപണം കേട്ടിട്ടാണ് മുഖ്യമന്ത്രിക്ക് അവർക്ക് നല്ല ബുദ്ധിയുപദേശിക്കാൻ തോന്നിയത്. ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ പൊളിഞ്ഞ് വീഴുന്നതല്ല ഈ ജീവിതമെന്നദ്ദേഹം സാക്ഷ്യപ്പെടുത്തി. "ഒരുൾക്കിടിലവുമില്ലാതെ ഏത് ആരോപണത്തെയും നേരിടാനാവുന്നത് ജീവിതശുദ്ധി കൊണ്ടാണ്. അങ്ങനെയുള്ള കൂട്ടർ, ഇക്കാലത്തോ എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ കാലം തെളിയിക്കും. തൽക്കാലലാഭം നോക്കി തെറ്റായ കാര്യങ്ങൾക്ക് പോകാതിരിക്കുക. ബാക്കി രാഷ്ട്രീയം. നിങ്ങൾ നിങ്ങളുടെ വഴിനോക്കുക, ഞങ്ങളീ വഴി നോക്കാം"-മുഖ്യമന്ത്രി പറഞ്ഞു.

എ.കെ.ജി സെന്റർ ആക്രമണവും പിന്നാലെയുണ്ടായ അക്രമസംഭവങ്ങളും ചൂണ്ടിക്കാട്ടി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സഭ ചർച്ചയ്ക്കെടുത്തു. മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. അടിയന്തരപ്രമേയങ്ങളിൽ ചർച്ചയനുവദിക്കാനുള്ള വിശാലമനസ്സും അദ്ദേഹത്തിനുണ്ടായിരിക്കുന്നു. നാല് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചർച്ച ചെയ്തത്. പ്രമേയം തള്ളി. എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടിട്ട് നാല് രാത്രിയും മൂന്ന് പകലും പിന്നിട്ടിട്ടും അക്രമിയെ കണ്ടെത്താനാവാത്തതിൽ പ്രമേയാവതാരകനായ പി.സി. വിഷ്ണുനാഥിന് ആശ്ചര്യം. എ.കെ.ജി സെന്ററിലുണ്ടായത് കരിയിലയോ കടലാസോ കത്താത്ത നാനോ ഭീകരാക്രമണമെന്നാണ് വിഷ്ണുനാഥിന്റെ പരിഹാസം. ഏതെങ്കിലും ആളെ പിടിക്കുകയല്ല പൊലീസ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ മറുപടി. യഥാർത്ഥ ആളെപിടിക്കാൻ വിശദപരിശോധന വേണം. കൃത്യമായി കുറ്റവാളിയിലേക്കെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പ്രതിപക്ഷനേതാവ് വി.ഡി. സതീശനത് ബോധിച്ചില്ല. നാല് ദിവസമായിട്ടും സൂചന പോലുമില്ലാതിരിക്കുന്നതും പോരാഞ്ഞ് പൊലീസിന്റെ ഒത്താശയോടെ കോൺഗ്രസിന്റെ 42 ഓഫീസുകൾ തല്ലിത്തകർത്തെന്ന് അദ്ദേഹം അരിശംപൂണ്ടു. സംശയങ്ങൾക്കൊന്നും മുഖ്യമന്ത്രിയിൽനിന്ന് മറുപടി കിട്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

അടിയന്തരപ്രമേയം അവതരിപ്പിച്ച കോൺഗ്രസുകാരെ സംശയമുണ്ടെന്ന് 13 മിനിറ്റ് പ്രസംഗത്തിനിടയിൽ ആറ് തവണ എം.എം. മണി പറഞ്ഞു. യഥാർത്ഥപ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാൻ വസ്തുതാപരമായ അന്വേഷണത്തിനേ സാധിക്കൂ. അല്ലാതെയുള്ളത് കോൺഗ്രസുകാരുടെ കുയുക്തിയാണെന്ന് അദ്ദേഹം ന്യായീകരിച്ചു. ശ്രീകൃഷ്ണന്റെ നിറവും കൈയിലിരിപ്പുമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന് തനിക്കെതിരെയെടുത്ത കേസ് അത്തരത്തിലുള്ളതാണത്രേ. തിരുവഞ്ചൂർ പ്രകോപിതനായില്ല.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനൽ ഗൂഢാലോചനയാണ് എ.കെ.ജി സെന്റർ ആക്രമണമെന്ന് കെ.വി. സുമേഷ് പറഞ്ഞു. പാർട്ടിസ്നേഹികളെ പ്രകോപിപ്പിക്കാനുള്ള കോൺഗ്രസ് കെണിയിൽ തങ്ങൾ വീണില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. കോൺഗ്രസുകാർ 'നെഗ്ലിജൻസ്' ആയി മാറുന്നതായും അവർക്ക് 'അന്തച്ഛിദ്രം' ബാധിച്ചതായും കോവൂർ കുഞ്ഞുമോൻ. ഇതൊക്കെയെന്താണെന്ന് ചോദിച്ചാൽ കോവൂർ നിഘണ്ടുവിൽ അപ്പോൾ പ്രത്യക്ഷപ്പെട്ടവയെന്നേ ഉത്തരമുള്ളൂ!

നികുതി, റവന്യു, ഭവനനിർമാണം വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ പാസാക്കി. കഴിഞ്ഞ ദിവസത്തെ അടിയന്തരപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയുടെ ആക്രമണമേൽക്കേണ്ടി വന്ന മാത്യു കുഴൽനാടൻ ഇന്നലെ ധനാഭ്യർത്ഥനചർച്ചയിൽ തിരിച്ചടിക്കാൻ ശ്രമിച്ചു. ശേഖരാ, നീ അനാവശ്യമായി ഭയപ്പെടുകയാണെന്ന് ദേവാസുരം സിനിമയിൽ മോഹൻലാൽ കഥാപാത്രം പറഞ്ഞത് കുഴൽനാടൻ ഓർമ്മിപ്പിച്ചു. സഭയിൽ ബഹളപ്പുക ഉയരാൻ അമാന്തമുണ്ടായില്ല.