
ഒരു രാജ്യത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും നിരുത്സാഹപ്പെടുത്തുന്നതിലും ധനകാര്യനയങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. പണം കൈകാര്യം ചെയ്യുന്നവരെല്ലാം തട്ടിപ്പ് നടത്താൻ സാദ്ധ്യതയുണ്ടെന്ന മനോഭാവത്തിൽ നിന്നുകൊണ്ട് നയപരിപാടികൾക്കും നിയമങ്ങൾക്കും രൂപം നൽകിയാൽ അതിന്റെ ദുഷ‌്‌ഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് സത്യസന്ധമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരായിരിക്കും. സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയ തൊണ്ണൂറുകളിലാണ് ആദ്യമായി കർശനവും സാമ്പത്തിക വളർച്ചയ്ക്ക് തടയിടുന്നതും അതേസമയം കള്ളപ്പണ ഇടപാടുകൾ വർദ്ധിക്കാൻ പരോക്ഷമായി ഇടയാക്കുന്നതുമായ ഒട്ടേറെ നിയമങ്ങളിൽ മാറ്റം വന്നത്. ഔദ്യോഗിക ചാനലിൽ കൂടിയാണെങ്കിലും വിദേശത്തുനിന്ന് പണം അയയ്ക്കാൻ നിരവധി നൂലാമാലകളാണ് നിയമങ്ങൾക്ക് രൂപം നൽകിയവർ സൃഷ്ടിച്ചിരുന്നത്. ഇതാകട്ടെ ഉദ്ദേശിച്ച ഒരു ഫലവും ചെയ്തില്ല. സത്യസന്ധമായി പണമയച്ചവർ പോലും സാങ്കേതിക കാര്യങ്ങളിൽ വീഴ്ചവരുത്തി എന്നതിന്റെ പേരിൽ കേസുകളുമായി വർഷങ്ങളോളം കോടതി കയറിയിറങ്ങേണ്ടിവന്നിട്ടുണ്ട്. തുരുമ്പുപിടിച്ച ചില പഴഞ്ചൻ നയങ്ങൾ മാറ്റുമ്പോൾ ചില രാജ്യങ്ങൾ തന്നെ രക്ഷപ്പെട്ടിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ അയൽരാജ്യമായ ബംഗ്ളാദേശ്. അഞ്ച് കോടിയിൽ കവിഞ്ഞ വൻകിട വായ്‌പകൾ അനുവദിക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് മേൽ അവിടെ ഒരുകാലത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. അതിനൊപ്പം വിദേശ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യാൻ കനത്ത ചുങ്കവുമുണ്ടായിരുന്നു. ഇതുകാരണം ഇന്ത്യയിൽനിന്നുള്ള ഏജന്റന്മാരുടെ ഗ്യാരന്റിയിലാണ് അവിടെയുള്ളവർ വിദേശയന്ത്രങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. ഈ നിയമങ്ങൾ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കില്ലെന്ന് മാത്രമല്ല മുരടിപ്പിക്കുകയാണെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുകയും മുപ്പത് വർഷം മുമ്പ് തന്നെ അത് ലഘൂകരിക്കാനുള്ള നടപടിയെടുക്കുകയും ചെയ്തു. തത്‌ഫലമായി ബംഗ്ളാദേശ് ഇന്ന് ഏറ്റവുമധികം വളർച്ച കൈവരിച്ച രാജ്യങ്ങളിലൊന്നായി മാറി. നിയമങ്ങൾ മാറ്റിയതിന് ശേഷം ആ രാജ്യത്ത് കൂണുകൾ പോലെയാണ് ടെക്സ്റ്റയിൽ നിർമ്മാണ യൂണിറ്റുകൾ മുളച്ചുപൊങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് എൺപത് ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിച്ചിരുന്ന ആ രാജ്യത്ത് ഇന്ന് വെറും 20 ശതമാനം മാത്രമാണ് പാവപ്പെട്ടവർ. അടുത്തിടെ ഇത്തരമൊരു നിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റം തികച്ചും സ്വാഗതാർഹമാണ്. വിദേശപൗരത്വമെടുത്തവർക്ക് ഇനി കേന്ദ്ര സർക്കാരിനെ അറിയിക്കാതെ നാട്ടിലെ ബന്ധുക്കൾക്ക് പ്രതിവർഷം 10 ലക്ഷം രൂപവരെ അയയ്ക്കാം എന്നതാണത്. ഇതുവരെ ഇതിനുള്ള പരിധി ഒരുലക്ഷം രൂപയായിരുന്നു. കെട്ടിടം പണി നടന്നാലും ബന്ധുവിന്റെ കല്യാണത്തിനായാലും അതിൽ കൂടുതൽ അയയ്ക്കാൻ അനുവാദമില്ലായിരുന്നു. 2011ലെ വിദേശസംഭാവന നിയന്ത്രണ ചട്ടം ഭേദഗതി വരുത്തിയാണ് സർക്കാർ ഈ മാറ്റം അനുവദിച്ചത്. നേരത്തേ ഒരുലക്ഷം രൂപയിൽ കൂടുതൽ അയച്ചാൽ എഫ്.സി 1 എന്ന ഫോമിലൂടെ 30 ദിവസത്തിനകം കേന്ദ്രത്തെ അറിയിക്കണമെന്നായിരുന്നു ചട്ടം. ഇനിമുതൽ 10 ലക്ഷം രൂപയിൽ കൂടുതൽ അയച്ചാൽ എഫ്.സി 1 ഫോമിലൂടെ അറിയിക്കാനുള്ള സമയപരിധി മൂന്ന് മാസമാക്കി വർദ്ധിപ്പിച്ചു. അറിയിച്ചില്ലെങ്കിൽ പോലും കേസുണ്ടാകില്ല. നമ്മുടെ നാടിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നിയമ മാറ്റങ്ങളാണ് ഭാവിയിലുണ്ടാകേണ്ടത്.