തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റുന്ന പേര് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലും തിരുത്താൻ അനുമതി. പരീക്ഷാകമ്മിഷണർക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയ അനുമതിയുടെ അടിസ്ഥാനത്തിൽ അപേക്ഷിച്ച ഒരാൾക്ക് സർട്ടിഫിക്കറ്റിൽ പേര് തിരുത്തി നൽകി. എന്നാൽ ഇന്നലെയുൾപ്പെടെ രണ്ട് അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.

ജൂൺ 30 മുതലാണ് അനുമതി നൽകിയത്. അതിന് മുൻപ് അപേക്ഷകൾ ലഭിച്ചിരുന്നെങ്കിലും അന്ന് ഉത്തരവ് നിലവിലില്ലാതിരുന്നതിനാൽ നിരസിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷ നൽകിയാലെ പേര് തിരുത്താൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. കേരള എഡ്യൂക്കേഷൻ ആക്ടിൽ ഭേദഗതി വരുത്തി ചട്ടം നിയമമാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

1984ലെ ഉത്തരവനുസരിച്ച് എസ്.എസ്.എൽ.സി ബുക്കിലെ പേര്, മതം, ജാതി, എന്നിവ തിരുത്താൻ വ്യവസ്ഥയില്ല. ഇതുകാരണം നിരവധി പേർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉപരിപഠന, തൊഴിലവസരങ്ങൾ നഷ്ടമാവുന്നുണ്ട്. ഗസറ്റിലൂടെ പേരുമാറ്റിയിട്ടും എസ്.എസ്.എൽ.സി ബുക്കിൽ ചേർക്കാൻ അനുവദിക്കാത്തതിനെതിരെ പലരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ വിധി നടപ്പാക്കാൻ സർക്കാർ തയാറാകാതെ വന്നതോടെ കോടതിയലക്ഷ്യ ഹർജി വന്നു. അതിനു പിന്നാലെയാണ് എസ്.എസ്.എൽ.സി ബുക്കിലും പേരു തിരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്.