
കേരളത്തിലെ സർക്കാർ ജീവനക്കാർ കാര്യക്ഷമതയില്ലാത്തവരോ കഴിവില്ലാത്തവരോ അല്ല. നിർഭാഗ്യവശാൽ സേവനം യഥാസമയം ലഭ്യമാക്കുന്നതിൽ സർക്കാർ ഓഫീസുകളെല്ലാം പിന്നോട്ടാണ്. ധാരാളം തിരുത്തൽ നടപടികളെടുത്തിട്ടും സ്ഥിതി മാറിയിട്ടില്ല. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന വകുപ്പുകളിൽ കുടിശിക ഫയലുകളുടെ കൂമ്പാരമാണ്. എങ്ങനെയും ഇതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് സർക്കാർ ഫയൽതീർപ്പാക്കൽ യജ്ഞം തുടങ്ങിയിരിക്കുന്നത്. ജീവനക്കാർ ഞായറാഴ്ചകളിലും ജോലിചെയ്ത് കുടിശിക ഫയലുകളിൽ തീർപ്പുണ്ടാക്കാൻ തീരുമാനമായത് ഈ പശ്ചാത്തലത്തിലാണ്. അതിന്റെ തുടക്കമെന്നോണം കഴിഞ്ഞ ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള പ്രധാന സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചത് അപൂർവസംഭവമായി. അറുപതു മുതൽ എൺപതു ശതമാനം വരെ ജീവനക്കാർ ഒരുമടിയും കൂടാതെ ഞായറാഴ്ച ജോലിക്കെത്തിയത് അഭിനന്ദനാർഹമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധത ഉൗട്ടിയുറപ്പിക്കാൻ ഇതിനേക്കാൾ നല്ലൊരു പ്രവൃത്തിയില്ല. ജനങ്ങൾ പല കാര്യങ്ങൾക്കായി സമീപിക്കുന്ന പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ ഈ ഞായറാഴ്ച മുപ്പത്തയ്യായിരം ഫയലുകളിലാണ് തീർപ്പുണ്ടായത്. തീർച്ചയായും ഇതു റെക്കാഡാണ്. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, വ്യവസായവകുപ്പ്, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലും ആയിരക്കണക്കിനു കുടിശിക ഫയലുകളിൽ തീർപ്പുണ്ടായി. എല്ലാം കൂടി നോക്കിയാൽ അരലക്ഷത്തിലേറെ കുടിശിക ഫയലുകൾക്കാണ് മോക്ഷപ്രാപ്തി ലഭിച്ചത്. സംസ്ഥാനത്താകെ മൂന്നുലക്ഷം ഫയലുകളാണ് തീരുമാനം കാത്തുകിടക്കുന്നതെന്ന കണക്കുവച്ചു നോക്കിയാൽ ഈ നേട്ടം പ്രശംസാർഹമാണ്. സെപ്തംബർ 30 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും അവധിയെടുക്കാതെ ജോലിചെയ്ത് കുടിശിക ഫയലുകൾ പൂർണമായും തീർക്കാനാണ് ലക്ഷ്യം.
കഴിഞ്ഞദിവസം തീർപ്പാക്കിയ ഫയലുകളിൽ ഭൂരിഭാഗവും പഞ്ചായത്തുകളിലും മറ്റു തദ്ദേശസ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്നവയാണ്. ലൈഫ് പദ്ധതി അപേക്ഷ മുതലുള്ള സേവനങ്ങൾക്കായി ജനങ്ങൾ സമീപിക്കുന്നത് തദ്ദേശസ്ഥാപനങ്ങളെയാണ്. റവന്യൂ ഓഫീസുകളാണ് തൊട്ടടുത്തു വരുന്നത്. തലചായ്‌ക്കാൻ കിടപ്പാടത്തിനോ കിടപ്പുരോഗിക്കു സഹായം കിട്ടാനോ നിത്യജീവിതവുമായി ബന്ധപ്പെട്ട അടിയന്തരാവശ്യങ്ങൾക്കോ വഴിപ്രശ്നത്തിനോ ഒക്കെ അപേക്ഷയുമായെത്തുന്നവർ മാസങ്ങളോ വർഷങ്ങളോ കാത്തുനിൽക്കേണ്ടിവരുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സങ്കീർണമല്ലാത്ത കാര്യങ്ങളിൽ ഫയലുകൾ കുരുക്കിയിടേണ്ട കാര്യമേയില്ല. എന്നാലും അത്തരം പ്രവണത പല ഓഫീസുകളിലും നിലനിൽക്കുന്നു.
ഇപ്പോഴത്തെ ഫയൽതീർപ്പാക്കൽ യജ്ഞം സെപ്തംബറിൽ അവസാനിക്കുന്നതോടെ പുതിയ ഫയൽക്കൂമ്പാരം ഉണ്ടാകാതെ നോക്കണം. ഓഫീസ് മേധാവികൾക്കാണ് അതിനുള്ള ഉത്തരവാദിത്വം. തന്റെ കീഴിൽ കുടിശിക ഫയലുകളില്ലെന്ന് ആഴ്ചതോറുമോ മാസം തോറുമോ അവർ പരിശോധിച്ച് ഉറപ്പുവരുത്തണം. അവർക്കു മുകളിലും നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തിക്കണം.
സർക്കാർ ഓഫീസുകൾ മുഖേനയുള്ള ഓരോ സേവനവും ജനങ്ങളുടെ അവകാശമാണെന്നു പറയാറുണ്ട്. ഈ അവകാശം യഥാസമയം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളാണ് ഉണ്ടാകേണ്ടത്. സേവനം തേടിയെത്തുന്നവരെ അവഗണിക്കുന്നതും ആവശ്യങ്ങൾ നിറവേറ്റാതിരിക്കുന്നതും പൗരാവകാശനിഷേധം തന്നെയാണ്. അതിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾ മടിക്കുന്നതുകൊണ്ടാണ് ഫയലുകൾ ഇപ്പോഴത്തെപ്പോലെ വലിയ തോതിൽ കുടിശികയാകുന്നത്.