
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിക്ക് സമീപം കൂറ്റൻ ആഞ്ഞിലി മരം കടപുഴകി രണ്ട് കാറുകൾ തകർന്നു. ഒരു കാറിൽ ഉണ്ടായിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ (56) രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. ഒരു പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ടാണ് അഞ്ചുതെങ്ങ് സുരേന്ദ്രൻ താലൂക്ക് ആശുപത്രിയിൽ എത്തിയത്. മോർച്ചറിക്ക് സമീപം നിന്ന് കാൽ കുഴഞ്ഞപ്പോൾ വിശ്രമിക്കാനായി കാറിൽ കയറി ഇരുന്നപ്പോഴായിരുന്നു അപകടം.
കടപുഴകിയ മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റിയാണ് സുരേന്ദ്രനെ പുറത്തിറക്കിയത്. നെഞ്ചിൽ പരിക്കേറ്റ സുരേന്ദ്രൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മരം കടപുഴകി ചരിഞ്ഞു വരുന്നത് കണ്ട് അവിടെ കൂടിനിന്നവർ നിലവിളിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജെസ്വിന്റെ മാരുതി വാഗണർ കാറും ആശുപത്രിയിലെ പീഡിയാട്രിക് ഡോക്ടറായ ഗ്ലാഡിയുടെ ഹോണ്ട കാറിനുമാണ് കേടുപറ്റിയത്.
രണ്ടു വണ്ടികളുടെയും മേൽഭാഗം, ഗ്ലാസുകൾ, ഇന്റീരിയർ, ബോഡി എന്നിവയ്ക്കെല്ലാം നാശനഷ്ടം സംഭവിച്ചു. ഹോണ്ട വണ്ടിക്കാണ് നഷ്ടം കൂടുതൽ. ആറ്റിങ്ങൽ ഫയർഫോഴ്സെത്തിയാണ് മരം മുറിച്ചുനീക്കിയത്. ഇതിന് സമാനമായ രീതിയിൽ ഇതിന് മുൻപും ഇവിടെ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വീണിട്ടുണ്ട്.
ഇനിയും ആശുപത്രി പരിസരത്ത് അപകടഭീതിയുയർത്തി നിരവധി മരങ്ങൾ നിൽപ്പുണ്ട്.
മരം കടപുഴകിയ ഭാഗത്ത് ഇന്നലെ ജനത്തിരക്ക് ഉണ്ടാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പ്രവൃത്തി ദിവസങ്ങളിൽ ഈ ഭാഗത്ത് ജനങ്ങൾ കൂടി നിൽക്കാറുണ്ട്.