
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ചയും കൂളിമാട് പാലം നിർമ്മാണത്തിനിടെയുണ്ടായ അപകടവും രണ്ടാണെന്നും കൂട്ടിച്ചേർക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ആദ്യത്തേത് ക്രമക്കേടും രണ്ടാമത്തേത് സാങ്കേതികപ്പിഴവുമാണ്.
വകുപ്പിലെ ഉദ്യോഗസ്ഥർ നിർമ്മാണസ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തുന്ന നിരീക്ഷണ സംവിധാനം ഉടൻ ഏർപ്പെടുത്തും.
പാലാരിവട്ടത്തെ നിർമ്മാണത്തിൽ കരാറിന് വിരുദ്ധമായി മന്ത്രി ഇടപെട്ട് മൊബിലൈസേഷൻ അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നു. പാലാരിവട്ടത്തെക്കുറിച്ച് വീണ്ടും പരാമർശിച്ച് ചിലരെ കുത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരുന്നു. നിർമ്മാണത്തിൽ ക്രമക്കേട് കാട്ടിയ ആർ.ഡി.എസ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ദേശീയപാത സൂപ്രണ്ടിംഗ് എൻജിനിയർക്ക് ശുപാർശ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
കൂളിമാട് പാലം തകർന്നത് ഹൈഡ്രോളിക്ക് ജാക്കിയുടെ തകരാർ കൊണ്ടാണ്. നിർമാണ ഗുണമേന്മയിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഈ കമ്പനിക്ക് അക്രഡിറ്റഡ് ഏജൻസി പദവി നൽകിയത് ഉമ്മൻചാണ്ടി സർക്കാരാണ്. പല പ്രതിപക്ഷ എം.എൽ.എമാരും തങ്ങളുടെ മണ്ഡലത്തിലെ നിർമ്മാണച്ചുമതല ഈ കമ്പനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. കുറെ നല്ല പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്ന് കരുതി തെറ്റ് ചെയ്താൽ ഒപ്പം നിൽക്കാൻ സർക്കാർ തയാറല്ല.
സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് മടക്കി അയച്ചത് കൂടുതൽ വ്യക്തതവരുത്താനാണ്. നിർമ്മാണച്ചുമതലയുള്ള അസി.എക്സിക്യുട്ടീവ് എൻജിനിയർ അപകടസമയത്ത് അവധിയിലായിരുന്നു. അസി. എൻജിനിയർ സ്ഥലത്തുണ്ടായിരുന്നില്ല. വീഴ്ചവരുത്തിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ടൂറിസ്റ്റുകളുടെ വരവ് കൂടി
തിരുവനന്തപുരം: ഈ വർഷം ആദ്യപാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇത് മുൻവർഷത്തേക്കാൾ 72.48 ശതമാനം കൂടുതലാണ്. വയനാടിന്റെ ടൂറിസം സാദ്ധ്യതകൾ ബംഗളൂരുവിൽ മാർക്കറ്റ് ചെയ്തു. ഇത് ഐ.ടി മേഖലയിലെ വിനോദ സഞ്ചാരികൾ എത്തുന്നതിന് കാരണമായി.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കെ. ബാബു, ഉമ തോമസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രിപറഞ്ഞു. സുരക്ഷ, പരിപാലനം എന്നിവയ്ക്കായി യുവജനങ്ങളെ നിയോഗിക്കും. ടൂറിസം കേന്ദ്രങ്ങളിൽ 24 മണിക്കൂറും വനിതാ പൊലീസിനെ നിയോഗിക്കും. നിരീക്ഷണ കാമറകളും സ്ഥാപിക്കും.