neerazhi

വക്കം: ജൈവ വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ഗുരുവിഹാറിനു സമീപത്തെ നീരാഴി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. ശ്രീനാരായണ ഗുരുദേവൻ ഗുരുവിഹാറിൽ തപസിരുന്നപ്പോൾ കുളിക്കാനുപയോഗിച്ചതാണി നീരാഴിയെന്നാണ് പഴങ്കഥ. വടക്കു ഭാഗത്ത് നിന്നും ചെറുതോടായി തുടങ്ങി ആറര ഏക്കറോളം വിസ്തൃതിയുള്ള തെളിനീര് ഒഴുകുന്ന നീരാഴി ഒരിക്കലും വറ്റാത്ത ഈ മേഖലയിലെ ജല ശ്രോതസാണ്.

തെക്കുംഭാഗത്ത് ജലം ഒഴുകുന്നതിന് തടസം ഉള്ളതായും നാട്ടുകാർ പറയുന്നു. നീരാഴിയിൽ വംശനാശത്തിന്റെ പിടിയിൽപ്പെട്ട നിരവധി അപൂർവ്വയിനം മത്സ്യങ്ങളും, മറ്റ് ജല ജീവികളും ഇവിടെയുണ്ട്. നാശത്തിലേക്ക് നീങ്ങുന്ന ഇവയുടെ സംരക്ഷണം മുന്നിൽക്കണ്ടാണ് ഗ്രാമ പഞ്ചായത്ത് നീരാഴി സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയത്. എന്നാൽ പിന്നീട് എത്തിയ ഭരണസമിതി തുടർനടപടികൾ സ്വീകരിച്ചില്ല. നിലയ്ക്കാമുക്ക്,​ കടയ്ക്കാവൂർ, വി

ളയിൽമൂല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്താൻ കഴിയും.

ആൾ സഞ്ചാരം കുറഞ്ഞതിനാൽ വിവിധയിനം അപൂർവ്വ പക്ഷികൾ ഇവിടെ എത്തുന്നുണ്ട്. നീരാഴിക്ക് സംരക്ഷണമില്ലാതെ കാലങ്ങൾ പിന്നിട്ടപ്പോൾ കൈയേറ്റവും കൂടി. നീരാഴിയുടെ വിസ്തൃതിയും കുറഞ്ഞു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതി നീരാഴിയുടെ ചുറ്റും നടപ്പാതയും, കുട്ടികളുടെ പാർക്കും, അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ തീരുമാനമെടുത്തു. എന്നാൽ തുടർനടപടി മാത്രമില്ല.

ദേശാടനപ്പക്ഷികൾ അടക്കം വൈവിദ്ധ്യമാർന്ന അനേകം പക്ഷികളുടെ വലിയ സങ്കേതം കൂടിയാണിവിടം. ഒപ്പം അപൂർവ്വ ഇനങ്ങളിലെ ചിത്രശലഭങ്ങളുടെ നീണ്ട നിരയും ഇവിടെയുണ്ട്. നീരാഴി സംരക്ഷിച്ചാൽ ഈ മേഖലയിലെ മികച്ച എക്കോ പാർക്കായി ഇത് മാറുമെന്ന കാര്യത്തിൽ സംശയമില്ല.