
ആറ്റിങ്ങൽ: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ മാമത്ത് നിർമ്മിച്ച മുനിസിപ്പൽ ബസ് സ്റ്റാൻഡ് നോക്കുകുത്തിയായി വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്നു. അംഗീകൃത കന്നുകാലിച്ചന്ത പ്രവർത്തിക്കുന്ന ഇവിടെ സ്വകാര്യ ഡ്രൈവിംഗ് പരിശീലനം, ആർ.ടി.ഒയുടെ ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയാണ് ഇപ്പോൾ നടക്കുന്നത്.
ദേശീയപാതയിൽ നഗരമദ്ധ്യത്ത് സ്ഥിതിചെയ്യുന്ന നിലവിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മാറ്റി ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർമ്മിച്ചതാണ് ഈ ബസ് സ്റ്റാൻഡ്. 1996ൽ അഞ്ചേക്കർ സ്ഥലത്താണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി ബസ് സ്റ്റാൻഡിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ ഉദ്ഘാടനം നടന്ന അന്നുതന്നെ ഇത് വിവാദത്തിലായി.
ഇതിനിടെ ജനപ്രതിനിധികളും ആർ.ടി.ഒ അധികൃതരും ബസ് സ്റ്റാൻഡ് മാറ്റാൻ തിരക്കിട്ട് ശ്രമം നടത്തിയെങ്കിലും നടന്നില്ല.
മാമത്തേക്ക് ബസ് സ്റ്റാൻഡ് മാറ്റിയാലും ഇന്നത്തെ നിലയിൽ പ്രശ്‌നങ്ങൾ തീരില്ല. എന്നും മൂന്ന് മിനിട്ടിന്റെ വ്യത്യാസത്തിൽ ഒാടുന്ന സ്വകാര്യ ബസുകൾ നാല് കിലോമീറ്റർ കൂടി അധികം ഓടിയാൽ സമയവും ഇന്ധന നഷ്ടവും തർക്കത്തിന് കാരണമായിട്ടുണ്ട്.
ബസ് സ്റ്റാൻഡ് ഭൂമിയെ ചൊല്ലി സ്വകാര്യ വ്യക്തി ആറ്റിങ്ങൽ മുനിസിപ്പൽ കോടതിയിൽ സമർപ്പിച്ച കേസായിരുന്നു പദ്ധതിക്ക് ആദ്യ അടിയായത്. ഈ കേസിൽ നഗരസഭയ്ക്ക് എതിരായി വിധി വന്നു. അന്തിമ വിധി വരുന്നതുവരെ ഇരു കക്ഷികളും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്നായിരുന്നു താത്കാലിക വിധി. ഇതിനെതിരെ നഗരസഭ നൽകിയ തുടർ ഹർജി കോടതി തള്ളുകയായിരുന്നു. കോടതിയിൽ ഹർജി നൽകുന്നതിലുണ്ടായ കാലതാമസമാണ് നഗരസഭയുടെ തുടർ ഹർജി അന്ന് തള്ളാൻ കാരണമെന്നാണ് അറിയുന്നത്.
കോടതിവിധി അനുകൂലമായാലും ആറ്റിങ്ങലിലെ സ്വകാര്യ ബസ് ഉടമകളും മാമത്തെ വസ്തു കൈക്കലാക്കാൻ തന്ത്രം മെനയുന്നവരും ബസ് സ്റ്റാൻഡ് മാറ്റാൻ സമ്മതിക്കില്ലെന്നും അന്നുതന്നെ പലരും പറഞ്ഞിരുന്നു. നിലവിൽ ദേശീയ പാതയിൽ ഒരു വാഹനം ഒരു നിമിഷം നിറുത്തിയാൽ പോലും വാഹനക്കുരുക്കിൽ പട്ടണം നിശ്ചലമാകുന്ന അവസ്ഥയാണ് പാത വികസനത്തിന് ശേഷവും ഉള്ളത്.