building

തിരുവനന്തപുരം: സോഫ്റ്റ് വെയറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ്‌വേഡും അവരറിയാതെ ദുരുപയോഗം ചെയ്ത് പതിനൊന്ന് മിനിട്ടിനുള്ളിൽ ഒരു ഉടമസ്ഥന്റെ രണ്ട് വാണിജ്യ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി കോഴിക്കോട് കോർപ്പറേഷനിൽ നടന്നതിന് സമാനമായ തട്ടിപ്പ് തലസ്ഥാന കോർപ്പറേഷനിലും കണ്ടെത്തി. തട്ടിപ്പ് നടത്തിയ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന രണ്ട് താത്കാലിക ഡേറ്റ എൻട്രി ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി. ഇവരാണോ,അതോ, മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഓഫീസ് സമയത്തിനും മുമ്പാണ് തിരിമറി നടന്നിരിക്കുന്നത്.

ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിൽ ക്രമക്കേട് നടന്നത് മെയിൻ ഓഫീസിലെ ‌ഡേറ്റ എൻട്രി കമ്പ്യൂട്ടറിൽ നിന്നാണെന്ന് കണ്ടെത്തി. അജയഘോഷ് എന്നയാളുടെ കേശവദാസപുരം വാർഡിൽ മരപ്പാലത്തുള്ള കെട്ടിടങ്ങൾക്കാണ് നമ്പർ നൽകിയത്.

കെട്ടിട നിർമ്മാണ അനുമതി ഉൾപ്പെടെ നൽകുന്ന 'സഞ്ചയ' സോഫ്റ്റ് വെയറിൽ രണ്ട് ഉദ്യോഗസ്ഥരുടെയും ഒരു ബില്ല് കളക്ടറുടെയും യൂസർ നെയിമും പാസ്‌വേഡുമാണ് ദുരുപയോഗം ചെയ്തത്.

കേശവദാസപുരം വാർഡിലെ ബിൽ കളക്ടർക്കുണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തന്റെ വാർഡിൽ കെട്ടിട നമ്പർ നൽകിയത് പരിശോധിച്ചപ്പോൾ കഴിഞ്ഞ ജനുവരി 28ന് താൻ വഴി നൽകാത്ത രണ്ടെണ്ണം ശ്രദ്ധയിൽപ്പെട്ടതോടെ സെക്രട്ടറിയോട് പരാതിപ്പെട്ടു. തുടർന്ന് ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. സാധാരണ ബിൽ കളക്ടർമാർ വഴിയാണ് കെട്ടിട നമ്പരിന് അപേക്ഷ നൽകുന്നത്. മേയർ ആര്യ രാജേന്ദ്രൻ എ.ഡി.ജി.പി മനോജ് എബ്രഹാമിന് പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണത്തിന് സൈബർ പൊലീസ് ഇൻസ്പെക്ടർ പ്രകാശിനെ ചുമതലപ്പെടുത്തി.

തട്ടിപ്പിന് മിന്നൽ വേഗം

(ജനുവരി 28)

 രാവിലെ 8.26: കേശദാസപുരം ബിൽ കളക്ടറുടെ സഞ്ചയ സോഫ്റ്റ്‌വെയർ ഐ.ഡിയിൽ കയറി നമ്പറിന് അപേക്ഷ നൽകുന്നു

 8.30: റവന്യു ഇൻസ്പെക്ടറുടെ ഐ.ഡിയിൽ കയറി അപേക്ഷ സ്വീകരിച്ചു. അപേക്ഷ റവന്യു ഓഫീസർക്ക് വിടുന്നു

8.37: റവന്യു ഓഫീസറുടെ ഐഡിയിൽ കയറി കെട്ടിടനമ്പർ അനുവദിക്കുന്നു

`തട്ടിപ്പ് നടത്തിയ ആരെയും സംരക്ഷിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും. സോണൽ ഓഫീസുകളിലും മെയിൻ ഓഫീസിലും കെട്ടിട നമ്പറുകൾ നൽകിയത് പരിശോധിക്കും.'

- ആര്യാ രാജേന്ദ്രൻ,

മേയർ