കടയ്ക്കാവൂർ: കടയ്ക്കാവൂർ, ചിറയിൻകീഴ് പ്രദേശങ്ങളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചു വരുന്നതിനെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണമെന്ന് സി.പി.ഐ കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി കുടുംബ പ്രശ്നങ്ങളും ചെറുപ്പക്കാരുടെ ആത്മഹത്യകളും ഈ പ്രദേശങ്ങളിലുണ്ടായി. എല്ലാത്തിന്റെയും പിന്നിൽ മയക്കു മരുന്നിന്റെ സ്വാധീനമുണ്ട്. പക്ഷെ നടപടികൾ എടുക്കാൻ കഴിയാതെ ഉഴലുകയാണ് പൊലീസും എക‌്സൈസും. ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് സി.പി.ഐ കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു കടയ്ക്കാവൂർ ചൂണ്ടിക്കാട്ടി.