തിരുവനന്തപുരം:കോവളം മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ 417 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാവുന്നതായി മന്ത്റി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.33 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാക്കിയിട്ടുളളതും 384 പട്ടയ അപേക്ഷകൾ താലൂക്ക് ഓഫീസിൽ വിവിധഘട്ട നടപടികളിലുമാണ്.പട്ടയ അപേക്ഷകളിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക എന്നതാണ് സർക്കാർ നയമെന്നും എം. വിൻസന്റിന്റെ സബ്മിഷന് മറുപടിയായി മന്ത്റി അറിയിച്ചു.
കോവളത്തെ തീരദേശ വില്ലേജുകളിലെ പട്ടയ വിഷയം സർക്കാർ സജീവമായി പരിഗണിക്കുകയാണ്. പട്ടയത്തിനു അപേക്ഷിച്ചിട്ടുള്ള 316 പേരുടെ ഭൂമി കടൽ പുറമ്പോക്കിൽപ്പെട്ടതാണ്.ഈ ഭൂമിക്ക് പട്ടയം നൽകണമെങ്കിൽ സെൻട്രൽ സർവേ ഒഫ് ഇന്ത്യയുടെ അനുമതിയോടെ സർവേ നടത്തി വിജ്ഞാപനം പുറപ്പെടുവിക്കണം.
അടുത്ത നാലു വർഷം കൊണ്ട് സമ്പൂർണമായി ഡിജിറ്റൽ സർവേ ചെയ്യുന്നതിനുളള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.