തിരുവനന്തപുരം: റാന്നി മണ്ഡലത്തിൽ അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള തുടർ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥുടെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്റി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. റാന്നിയിലെ കർഷകരുൾപ്പെടെ പതി​റ്റാണ്ടുകളായി ഭൂമി കൈവശം വച്ച് അനുഭവിച്ചു വരുന്നവർക്ക് പട്ടയം ലഭ്യമാക്കുന്ന വിഷയം സർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നത്.
പത്തനംതിട്ട ജില്ലയിൽ 1977 ജനുവരി ഒന്നിന് മുൻപു കൈവശം വച്ചിരുന്ന ഭൂമിയ്ക്ക് പട്ടയം അനുവദിക്കുന്നതിനായി വനം വകുപ്പമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ വനഭൂമിയിൽ കുടിയേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ള 6362 കൈവശങ്ങളിലായി 1970.04 ഹെക്ടർ ഭൂമിയുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ അനുമതിയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.

റാന്നി താലൂക്കിലെ 1586 ഹെക്ടർ ഭൂമിയിലായുള്ള 5154 കൈവശങ്ങളുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ബംഗളുരുവിലെ ഫോറസ്​റ്റ് അഡ്വൈസറി കമ്മി​റ്റി സ്ഥലപരിശോധന നടത്തി കേന്ദ്ര വനം മന്ത്റാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അംഗീകാരം വേഗത്തിൽ ലഭ്യമാക്കി പട്ടയം വിതരണം ചെയ്യുന്നതിനുളള തുടർ നടപടി സ്വീകരിക്കും. പെരുമ്പെട്ടിയിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിൽ ഹൈക്കോടതി വിധിക്കെതിരെ സർക്കാരിന്റെ അപ്പീലിൽ, തൽസ്ഥിതി നിലനിറുത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള സർവേ നടപടി നടത്തുന്നതും വനത്തിന്റെ സ്​റ്റാ​റ്റസ്സിൽ മാ​റ്റം വരുത്തുന്നതും കോടതിയലക്ഷ്യം ആകുമെന്നതിനാൽ അന്തിമ വിധിക്കു വിധേയമായി മാത്രമേ തുടർ നടപടി സ്വീകിരിക്കാനാവൂ. അർഹരായ എല്ലാവർക്കും എത്രയും വേഗം പട്ടയം നൽകണമെന്നാണ് സർക്കാരിന്റെ നയമെന്നും പ്രമോദ് നാരായന്റെ സബ്മിഷന് മറുപടിയായി മന്ത്റി അറിയിച്ചു.