തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ താലൂക്ക്തല സമരസമിതി രൂപീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. പെട്രോൾ ഡീസൽ പാചകവാതക വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചതിനെതിരെയും സംസ്ഥാന സർക്കാർ വൈദ്യുതി ചാർജ്ജ്,കെട്ടിട നികുതി,വസ്തുനികുതി എന്നിവ വർദ്ധിപ്പിച്ചതിനെതിരെയും തിരുവനന്തപുരത്ത് ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും 11ന് ബ്ലോക്ക് തലത്തിൽ സായാഹ്ന ധർണ നടത്തും.നിർദ്ദിഷ്ട നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും പാലോട് രവി വ്യക്തമാക്കി. സമരസമിതി രൂപീകരിക്കുന്നതിനായി താലൂക്ക് തല കോൺഗ്രസ് നേതൃയോഗം 6,7 തീയതികളിൽ നടക്കും. 6ന് ഉച്ചയ്‌ക്ക് 2.30ന് വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലങ്ങളിലെ യോഗം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിലും വൈകിട്ട് 5ന് നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലങ്ങളിലെ യോഗം പഴകുറ്റി കൊല്ലങ്കാവ് പവിത്രം ഓഡിറ്റോറിയത്തിലും നെയ്യാറ്റിൻകര, കാട്ടാക്കട, കോവളം, പാറശാല നിയോജക മണ്ഡലങ്ങളിലെ യോഗം 7ന് ഉച്ചയ്‌ക്ക് 2.30ന് നെയ്യാറ്റിൻകര ടൗൺ ഹാളിലും തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ യോഗം വൈകിട്ട് 5ന് ഡി.സി.സി ഓഡിറ്റോറിയത്തിലും നടക്കും.