തിരുവനന്തപുരം: ഈ വർഷം അവസാനത്തോടെയോ അടുത്തവർഷം ആദ്യമോ ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തുന്ന വിധത്തിൽ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു.

പുലിമുട്ട് നിർമ്മാണം 1800 മീറ്ററും ടഗ്ഗുകളുടെ നിർമ്മാണവും പൂർത്തിയായി. തുറമുഖത്തിന്റെ അപ്രോച്ച് റോഡിനെ എൻ.എച്ച് 66മായി ബന്ധിപ്പിക്കുന്ന ജംഗ്ഷന് നാഷണൽ ഹൈവേ അതോറിട്ടിയുടെ അനുമതി ലഭിച്ചു. ഇതിനായി 42 സെന്റ് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ,​ വി.ജോയി, കെ.ആൻസലൻ,​ സി.കെ.ഹരീന്ദ്രൻ എന്നിവരെ മന്ത്രി അറിയിച്ചു. തുറമുഖത്തിനെ തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാതയുമായി ബന്ധിപ്പിക്കുന്ന പാതയ്ക്കായി കൊങ്കൺ റെയിൽവേ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടിന് ഈ വർഷം മാർച്ചിൽ ദക്ഷിണ റെയിൽവേ അംഗീകാരം നൽകി. ഇതിനായി 6.431ഹെക്ടർ ഭൂമി ഏറ്രെടുക്കാനുണ്ട്.

തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി കരാർ കമ്പനിക്ക് 30 ഹെക്ടർ ഭൂമി കൈമാറിയിട്ടുണ്ട്. കേന്ദ്രാനുമതി ലഭിച്ച ഔട്ടർ റിംഗ്റോഡിനെ കേന്ദ്രീകരിച്ച് ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതിയും പരിഗണനയിലുണ്ട്. സീഫുഡ് പാർക്ക്,​ സ്‌കിൽ ഡെവലപ്പ്മെന്റ് പാർക്ക് എന്നിവ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളാണ്. ആവശ്യത്തിന് കരിങ്കല്ല് ലഭിക്കാത്തതാണ് പുലിമുട്ട് നിർമ്മാണം വൈകുന്നതിന് കാരണം. ഇതുവരെ 29.87 ലക്ഷം ടൺ കരിങ്കല്ലാണ് ഉപയോഗിച്ചതെന്ന് പി.ഉബൈദുള്ള, എൻ.ഷംസുദ്ദീൻ എന്നിവരെ മന്ത്രി അറിയിച്ചു.