psc

 പത്താം തരം യോഗ്യതാ പരീക്ഷ തോന്നിയപടി

തിരുവനന്തപുരം: പത്താം ക്ലാസ് മിനിമം യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ അഞ്ച് ഘട്ടം കഴിഞ്ഞപ്പോൾ,​ പല നിലവാരത്തിലുള്ള ചോദ്യങ്ങളുമായി ഉദ്യോഗാർത്ഥികളെ വലച്ച് പി.എസ്.സി. കഴിഞ്ഞ വർഷവും ഇതേ പരാതി ഉയർന്നിരുന്നു.

ഒന്ന്,​ രണ്ട്,​ നാല് ഘട്ടം എഴുതിയവർക്ക് താരതമ്യേന എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. എന്നാൽ മൂന്ന്,​ അഞ്ച് ഘട്ടങ്ങളിൽ എഴുതിയവരെ കടപ്പമുള്ള ചോദ്യങ്ങളുമായി വെള്ളം കുടിപ്പിക്കുകയും ചെയ്തു. കട്ട് ഓഫ് മാർക്ക് മാനദണ്ഡമാക്കുമ്പോൾ തങ്ങൾ പുറത്താകുമോയെന്ന ആശങ്കയിലാണ് ആയിരങ്ങൾ. ഇനി ഒരു ഘട്ടം പരീക്ഷ ബാക്കിയുണ്ട്. 18 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പ്രാഥമിക പരീക്ഷ എഴുതുന്നത്.

അഞ്ചാം ഘട്ടത്തിൽ പ്രസ്‌താവന രീതിയിൽ 43 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പതിവില്ലാത്തതാണിത്. മിക്കവാറും പേർക്ക് ഉത്തരമെഴുതാൻ കഴിഞ്ഞില്ല. ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരവും ഓപ്ഷനിൽ ഉണ്ടായിരുന്നില്ല. ഇ.എം.എസിന്റെ കൃതി അല്ലാത്തത് ഏത്, മിതവാദികൾ എന്നീ ചോദ്യങ്ങൾ ഉദാഹരണം.

മുൻപ് ഏതെങ്കിലും ഒരു പരീക്ഷയിൽ പുറത്തായാലും സമാന യോഗ്യതയുള്ള മറ്റു തസ്തികളിലേ‍ക്കു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ കയറാമായിരുന്നു. ഇപ്പോഴാകട്ടെ,​ പ്രാഥമിക പരീക്ഷയിൽ പുറത്തായാൽ വിവിധ തസ്തികകളിലേക്കുള്ള അവസരം ഒരുമിച്ചു നഷ്ടമാകും.

മാർക്ക് സമീകരണത്തിലൂടെയാണ് പ്രാഥമിക പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ,​ കഴിഞ്ഞ വർഷം ഏകീകരണത്തിന്റെ ഗുണം ഉദ്യോഗാർത്ഥികൾക്കു ലഭിച്ചതുമില്ല. ചില ഘട്ടങ്ങളിൽ ഉൾപ്പെട്ടവർ കൂട്ടത്തോടെ പ്രാഥമിക പരീക്ഷയിൽ നിന്നു പുറത്തായിരുന്നു. സമാന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. പൊലീസ് കോൺസ്റ്റബിൾ മുതൽ ലാസ്റ്റ് ഗ്രേഡ് തസ്തിക വരെ ഉൾപ്പെട്ടതാണ് പത്താം തരം പരീക്ഷ

വ്യത്യസ്ത നിലവാരത്തിൽ പരീക്ഷ നടത്തി മാർക്ക് സമീകരണം നടത്തുന്നതിന്റെ ശാസ്ത്രീയത എങ്ങനെയെന്ന് പി.എസ് .സി വ്യക്തമാക്കണം

-ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ