തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പാളയം കണ്ണിമേറ മാർക്കറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി പുനരധിവാസ ബ്ലോക്കുകളുടെ നിർമ്മാണം സെപ്തംബറോടെ പൂർത്തിയാകും. ഓണത്തിന് ശേഷമാകും വ്യാപാരികളെ ഇവിടേക്ക് മാറ്റുക. ഓണത്തിനുള്ള കച്ചവടം മുടങ്ങാതിരിക്കാനാണ് നടപടി.
സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ കീഴിലാണ് മാർക്കറ്റ് നവീകരണവും പുനരധിവാസ ബ്ലോക്കുകളുടെ നിർമ്മാണവും നടക്കുന്നത്. മൂന്നുവർഷം മുമ്പാണ് പഴയ മാർക്കറ്റ് പുനർവികസന പദ്ധതിക്ക് 113.62 കോടി രൂപ അനുവദിച്ചത്. മാർക്കറ്റിന് സമീപത്തായി ട്രിഡയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കച്ചവടക്കാരെ മാറ്റിപ്പാർപ്പിക്കാൻ മൂന്ന് താത്കാലിക പുനരധിവാസ ബ്ലോക്കുകളാണ് സജ്ജമാക്കുന്നത്. നിർമ്മാണം സുഗമമാക്കുന്നതിന് 2000 ടൺ മാലിന്യങ്ങൾ ബയോമൈൻ പ്രക്രിയയിലൂടെ നീക്കം ചെയ്‌തിരുന്നു. മൂന്നാമത്തെ ബ്ലോക്കിൽ സ്ഥാപിക്കേണ്ട പ്രീഫാബ് സ്ട്രക്ചറുകളുടെ ജോലികൾ പാലക്കാട്ട് പുരോഗമിക്കുകയാണ്.
നിലവിൽ ഇത്രയും പേർ
നിലവിൽ 160ഓളം മത്സ്യസ്റ്റാളുകളും 29 ചിക്കൺ, മട്ടൺ, ബീഫ് സ്റ്റാളുകളുമാണ് പാളയത്തുള്ളത്. നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന 70 സ്ഥാപനങ്ങളുണ്ട്. 30 വസ്ത്ര വില്പന ശാലകളും 94 പഴം പച്ചക്കറിക്കടകളുമുണ്ട്. വാണിജ്യ കേന്ദ്രത്തിൽ ചെറുതും വലുതുമായി 400ഓളം സ്ഥാപനങ്ങൾക്ക് ഇടമുണ്ടാകും. 270 കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന മെക്കാനിക്കൽ കാർ പാർക്കിംഗ് സൗകര്യവും പ്രധാന കെട്ടിടത്തിലുണ്ടാകും. ഇതോടെ എം.ജി റോഡിലെ പാർക്കിംഗ് പ്രതിസന്ധിക്ക് അല്പം ആശ്വാസമാകും.