v-muraleedharan

കല്ലമ്പലം: ചാത്തമ്പറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മണിക്കുട്ടന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട കച്ചവടക്കാരും വഴിയോരക്കച്ചവടക്കാരും കൊവിഡാനന്തരം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കാലമാണ്. അവർക്കാവശ്യമായ സഹായമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാരും ഇവർക്ക് സുരക്ഷയൊരുക്കുന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ മണിക്കുട്ടന്റെ കടയിൽ പരിശോധന നടത്തി പിഴ ചുമത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടു, ജനസുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന ആവശ്യം തന്നെയാണ്. പക്ഷേ അതൊരു പീഡനമാകരുതെന്നും അദ്ദേഹം പറഞ്ഞു.

മണിക്കുട്ടന്റെ അമ്മയെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കല്ലമ്പലം ഉല്ലാസ്, അംഗങ്ങളായ തങ്കമണി, ലതിക പി. നായർ, ആതിര, വത്സല, ചിന്നു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറി അജിത് പ്രസാദ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.