തിരുവനന്തപുരം: തട്ടിപ്പ് കണ്ടെത്തിയെങ്കിലും പരാതി വരുമ്പോൾ മാത്രം പരിശോധന നടത്തുന്ന രീതി നഗരസഭ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കൃത്യമായ പരിശോധനയില്ലാത്തതാണ് തട്ടിപ്പുകൾ വ്യാപമാകാൻ കാരണമെന്നാണ് ആക്ഷേപം. ചുമതലയേറ്റ് രണ്ടുവർഷം തികയുന്നതിനുമുമ്പ് മൂന്ന് പ്രധാന തട്ടിപ്പുകൾ പുറത്തുവന്നത് നഗരസഭ ഭരണസമിതിക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

പട്ടികജാതി ഫണ്ട്, നികുതി, കെട്ടിട നമ്പർ തട്ടിപ്പ് എന്നിവയാണ് കണ്ടെത്തിയത്. 1.5 കോടി രൂപ തട്ടിച്ച പട്ടികജാതി ഫണ്ട് തട്ടിപ്പ് സംഭവം നടന്ന രണ്ട് വർഷം കഴിഞ്ഞും 30 ലക്ഷത്തോളം രൂപയുടെ നികുതി തട്ടിപ്പ് സംഭവം നടന്ന ഒരു വർഷം കഴിഞ്ഞുമാണ് കണ്ടെത്തിയത്. പരിശോധനകളിലെ അപാകതയാണ് തട്ടിപ്പുകൾ ആവർത്തിക്കപ്പെടാൻ കാരണം. കെട്ടിട നമ്പർ തട്ടിപ്പിൽ ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ അഴിമതിക്കാരെ തങ്ങൾതന്നെ കണ്ടുപിടിച്ച് ജനങ്ങൾക്ക് മുമ്പിലെത്തിച്ചതെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

തട്ടിപ്പ് തടയാൻ ചെയ്യേണ്ടത്

-----------------------------------------------

 മൂന്ന് മാസത്തിലൊരിക്കൽ എല്ലാ വിഭാഗങ്ങളിലും

പരിശോധന നടത്തണം

 ഓൺലൈൻ സേവനങ്ങളിൽ നഗരസഭ സർക്കുലർ

പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

 നഗരസഭ സമയത്തിന് മുമ്പോ അതുകഴിഞ്ഞോ ജോലിക്ക്

വരുന്നവരുടെയും പോകുന്നവരുടെയും കൃത്യമായ വിവര ശേഖരണം

 ഫയലുകൾ ഡിജിറ്റലാക്കുന്നത് വേഗത്തിലാക്കണം

 അപേക്ഷൾ തീർപ്പാക്കുന്നത് വേഗത്തിലാക്കണം

 മേയറുടെ പരാതി പരിഹാര സെൽ കാര്യക്ഷമമാക്കണം