chenkal-temple

പാറശാല: കർക്കടക വാവുബലിയോടനുബന്ധിച്ച് മഹേശ്വരം ക്ഷേത്രത്തിന്റെ ആറാട്ട് കടവായ കാഞ്ഞിരംമുട്ട് കടവിൽ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ബലി തർപ്പണ ചടങ്ങുകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് മുന്നോടിയായുള്ള ഉന്നതതല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ക്ഷേത്ര സന്നിധിയിൽ ചേർന്ന യോഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര തഹസീൽദാർ എസ്.ശ്രീകലയുടെ സാന്നിദ്ധ്യത്തിൽ ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, ഡെപ്യൂട്ടി തഹസീൽദാർ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, വൈസ് പ്രസിഡന്റ് അജിത് കുമാർ,വാർഡ് മെമ്പർ ലാൽരവി, റവന്യു,ആരോഗ്യം,ഗതാഗതം, വൈദ്യുതി, പൊതുമരാമത്ത്, പൊലീസ് തുടങ്ങിയ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

വാവുബലി നാളിൽ ഫയർ ആൻഡ് റെസ്‌ക്യുവിന്റെ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിന് പുറമെ ആറ്റിൽ വടം കെട്ടി സുരക്ഷ ഒരുക്കുകയും മുങ്ങൽ വിദഗ്ദ്ധർ, ലൈഫ് ഗാർഡുകൾ,ബോട്ട് സർവീസ്, ആംബുലൻസ് സേവനങ്ങളും ഉറപ്പ് വരുത്തും. ഒരേ സമയം നൂറിലേറെ പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതിന് പുറമെ തിലഹോമം നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കൂടാതെ കർക്കടക വാവിനോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിൽ കാർഷിക വിപണനമേള, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവ നടത്തുന്നതിനും ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.