
കല്ലമ്പലം:ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാംമൈലിൽ ആംബുലൻസ് മറിഞ്ഞ് രോഗിയുൾപ്പെടെ അഞ്ചുപേർക്ക് നിസാര പരിക്കേറ്റു.കൊല്ലം തിരുമുല്ലവാരം സ്വദേശികളായ മണി (52) ബാബു (37) ചന്ദ്രൻ (52) റാണി (35) ചെല്ലമണി (58) എന്നിവർക്കാണ് പരിക്കേറ്റത്. പനിബാധിതനായ മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. എതിർദിശയിൽ നിന്നുവന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത ബസിൽ ആംബുലൻസ് ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ആംബുലൻസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. മറിഞ്ഞ ആംബുലൻസ് റോഡ് വശത്തെ മരത്തിൽ ഇടിച്ചു നിന്നു. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ആംബുലൻസിൽ ഉള്ളവരെ മറ്റൊരു വാഹനത്തിൽ കൊല്ലം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.