suspended

തിരുവനന്തപുരം :വനം വകുപ്പ് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 10 ചന്ദന വിഗ്രഹങ്ങൾ കാണാതായ സംഭവത്തിൽ രണ്ട് റേഞ്ച് ഓഫീസർമാരെ സസ്‌പെന്റ് ചെയ്തു. തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ മുൻ റേഞ്ച് ഓഫീസർ ദിവ്യ എസ്.എസ് റോസ്, തുടർന്നു വന്ന റേഞ്ച് ഓഫീസർ ആർ.വിനോദ് എന്നിവരെയാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ നിർദ്ദേശം അനുസരിച്ച് വനം ഉപ മേധാവി (ഭരണം) സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിൽ കോടതി ആവശ്യപ്പെട്ട പ്രകാരം തൊണ്ടി മുതൽ ഹാജരാക്കാൻ സാധിക്കാതെ വന്ന സംഭവത്തിൽ വനം മേധാവിയുടെ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.തൊണ്ടിമുതലുകൾ ഹാജരാക്കാൻ വിചാരണ ആരംഭിച്ച ശേഷം കോടതി ആവശ്യപ്പെട്ടെങ്കിലും കാണാനില്ലെന്നാണ് അറിയിച്ചത്. കോടതിയിൽ നൽകേണ്ട തെളിവ് നശിപ്പിക്കുന്നതിന് സമാനമാണിതെന്നും പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ ഇത് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

തൊണ്ടിമുതൽ നഷ്ടമായത് സംബന്ധിച്ച് കാട്ടാക്കട പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ എല്ലാ ഡി.എഫ്.ഒമാർക്കും വൈൽഡ് ലൈഫ് വാർഡൻമാർക്കും സർക്കിൾ ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകി .