
മനുഷ്യകുലത്തിന്റെ നിലനില്പിന് അടിസ്ഥാനം കൃഷിയാണ്. ആഹാരം കഴിക്കാതെ ജീവിക്കാൻ കഴിയില്ല. കേരളത്തിൽ അരനൂറ്റാണ്ട് മുമ്പ് വരെ നല്ലരീതിയിൽ നെൽക്കൃഷി നടന്നിരുന്നു. ജനങ്ങൾക്ക് ആവശ്യമായ അരി ഇവിടെത്തന്നെ ലഭിച്ചു. വ്യവസായവത്കരണത്തിന്റെ കടന്നുവരവോടെ നെൽകൃഷി മന്ദീഭവിക്കുകയും പിന്നീട് ഏറെക്കുറെ നിലയ്ക്കുകയും ചെയ്തു. നെൽക്കൃഷിക്ക് യന്ത്രങ്ങൾ ഉപയോഗിക്കുന്നത് തടയപ്പെട്ടിരുന്നില്ലെങ്കിൽ കാലഘട്ടത്തിനനുസരിച്ച് കേരളത്തിലെ കാർഷികരംഗം പുരോഗമിക്കുമായിരുന്നു. കൃഷി നഷ്ടത്തിലാകാൻ തുടങ്ങിയതോടെ എല്ലാവരും കൃഷിനിറുത്തി ആന്ധ്രയിൽനിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെ അരി വാങ്ങി കഴിക്കാൻ തുടങ്ങി. കൃഷിക്ക് ഇപ്പോൾ യന്ത്രങ്ങൾ ഉപയോഗിക്കാമെങ്കിലും ആർക്കും കൃഷിയിലേക്ക് തിരിച്ചുപോകാൻ താത്പര്യമില്ലാതായിരിക്കുന്നു.
ഇപ്പോഴും കേരളത്തിന്റെ അരി ലഭിക്കുന്ന രണ്ട് സ്ഥലങ്ങളാണ് കുട്ടനാടും പാലക്കാടും. സർക്കാരിന്റെ കൃഷിവകുപ്പാകട്ടെ നെൽകൃഷിക്കാരെ സഹായിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ചിലതൊക്കെ നടപ്പാക്കുകയും മറ്റ് ചിലത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ നെല്ല് കൂട്ടിയിട്ട് കത്തിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന കർഷകരുടെ വാർത്ത എല്ലാ വർഷവും ആവർത്തിക്കാറുണ്ട്. സിവിൽ സപ്ളൈസ് കോർപ്പറേഷനാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. അതവർ സ്വകാര്യമില്ലുകാർക്ക് കൈമാറും. അവരാണ് അരിയായി തിരികെ നൽകുന്നത്. 100 കിലോ നെല്ലിന് 68 കിലോ അരി തിരികെ നൽകണമെന്നതാണ് കോർപ്പറേഷനും മില്ലുകാരുമായുള്ള കരാർ.
കിഴിവിന്റെയും മറ്റും പേരിൽ സ്വകാര്യ മില്ലുകാർ പരമാവധി കർഷകരെ ചൂഷണം ചെയ്യുന്നത് പതിവായപ്പോൾ അതൊന്നു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ കുട്ടനാട്ടിലും പാലക്കാട്ടെ ആലത്തൂരിലും റൈസ് മില്ലുകൾ തുടങ്ങാൻ തീരുമാനിച്ചത്. കുട്ടനാട് തുടങ്ങിയ റൈസ് മില്ലിന് 54 ലക്ഷം രൂപ ചെലവായി. ആയിരം പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും തൊഴിൽ കിട്ടുമെന്നും വീമ്പിളക്കിയിരുന്നു. പക്ഷേ 2000ത്തിൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും തകഴി മോഡേൺ റൈസ് മിൽ ഒരുദിവസം പോലും പ്രവർത്തിച്ചില്ല. യന്ത്രങ്ങളെല്ലാം തുരുമ്പ് കയറി നശിച്ചു. 2007-ൽ നവീകരിക്കാൻ ഒരു ശ്രമം നടത്തി വീണ്ടുമൊരു ഉദ്ഘാടനം നടത്തിയെങ്കിലും ഈ റൈസ് മില്ലിൽ നിന്ന് ഇതുവരെ ഒരുമണി അരി പോലും പുറത്തുവന്നിട്ടില്ല. ആലുവ, പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻകിട സ്വകാര്യ മില്ലുകാരാണ് രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് പദ്ധതി അട്ടിമറിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്. ആലത്തൂരിൽ തുടങ്ങിയ മിൽ ഏതാനും മാസങ്ങൾ പ്രവർത്തിച്ചതിന് ശേഷമാണ് പൂട്ടിയത്. ഇത് പൂട്ടിച്ചതിന്റെ പിന്നിൽ പാലക്കാട്ടും തമിഴ്‌നാട്ടിലും പ്രവർത്തിക്കുന്ന സ്വകാര്യ മില്ലുടമകളാണെന്നാണ് ആരോപണം. ഇനി ഈ രണ്ട് മില്ലും പ്രവർത്തിപ്പിക്കണമെങ്കിൽ പുതിയ യന്ത്രങ്ങൾ വാങ്ങണം. കെട്ടിടങ്ങൾ നവീകരിക്കുകയും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തുകയും വേണം. അതിന് തടസം നിൽക്കുന്നവരെ തോൽപ്പിച്ചുകൊണ്ട് ഇച്ഛാശക്തിയുണ്ടെങ്കിൽ സർക്കാരിന് ഇത് നടപ്പാക്കാൻ കഴിയും. ഇടതുസർക്കാരിന്റെ കാലത്ത് ഇത് നടന്നില്ലെങ്കിൽ പിന്നെ എന്നാണ് ഇത് നടക്കുക. പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന് ആലോചിക്കാൻ യോഗം കൂടുമെന്നാണ് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചിരിക്കുന്നത്. തികഞ്ഞ പ്രതിബദ്ധതയുള്ള ഈ മന്ത്രിയുടെ കാലത്ത് തന്നെ രണ്ട് റൈസ് മില്ലുകളും പ്രവർത്തിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കാം.