തിരുവനന്തപുരം:ഇടിഞ്ഞുപൊളിഞ്ഞ നടപ്പാതയും തകർന്നു കിടക്കുന്ന ബീച്ചുമായി ശംഖുംമുഖം പരിതാപകരമായ അവസ്ഥയിലാണെങ്കിലും വിനോദ സഞ്ചാരികൾക്ക് കുറവൊന്നുമില്ല. അവധി ദിനങ്ങളിലും അല്ലാതെയും സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ഇവിടെയെത്തുന്നത്. കുട്ടികൾക്കായി അടിപൊളി റൈഡുകളും ഒരുക്കിയിട്ടുണ്ട് ഡി.ടി.പി.സി.ഏജ് ലെസ് എന്റർടെയ്ൻമെന്റ് എന്ന സംഘടനയുമായി ചേർന്നാണ് ഡി.ടി.പി.സി കുട്ടികൾക്കായി ശംഖുംമുഖത്ത് ഇലക്ട്രിക് ട്രെയിനും ബാറ്ററി കാറും കിക്ക് സ്കൂട്ടറും ഗോകാർട്ടുമൊക്കെ ഒരുക്കിയിരിക്കുന്നത്.വൈകിട്ട് 3 മുതൽ രാത്രി 11 വരെ കുട്ടികൾക്ക് ഈ റൈഡുകൾ ആസ്വദിക്കാം.കിക്ക് സ്കൂട്ടറും ഗോ കാർട്ടുമൊക്കെ ഒരല്പം ബാലൻസ് ആവശ്യമുള്ളതിനാൽ മുതിർന്ന കുട്ടികൾക്കായി നിയന്ത്രിച്ചിട്ടുണ്ട്.ബാറ്ററി കാർ അഞ്ചു വയസിനും താഴെയുള്ളവർക്കും ഉപയോഗിക്കാവുന്നതാണ്.പഴയകാല തീവണ്ടികളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇലക്ട്രിക് ട്രെയിൻ ഒരുക്കിയിരിക്കുന്നത്.ഒരേ സമയം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 24 പേർക്ക് യാത്ര ചെയ്യാമെന്നതാണ് ട്രെയിനിന്റെ പ്രത്യേകത. ട്രെയിനിൽ കയറിയാൽ ബീച്ച് മുഴുവൻ ചുറ്റി വരാം.ഒരു റൈഡിന് നൂറു രൂപ നിരക്കിലാണ് ഫീസ്.
ബീച്ച് തകർന്നു കിടക്കുന്നതിനാൽ ശംഖുംമുഖം പ്രവേശന കവാടത്തിനടുത്താണ് റൈഡുകളുള്ളത്. നടപ്പാത ശരിയാക്കുന്നതോടെ റൈഡ് സുനാമി പാർക്കിനടുത്തേക്ക് മാറ്റും.വെള്ളി,ശനി,ഞായർ ദിവസങ്ങളിലാണ് കൂടുതൽ കുട്ടികൾ റൈസ് തേടിയെത്തുന്നതെന്ന് ഏജ്ലെസിന്റെ ശംഖുംമുഖത്തെ ചുമതലയുള്ള ഷൈജു പറയുന്നു.ഐ ലവ് ശംഖുംമുഖം ഉൾപ്പെടെ പല പദ്ധതികളും കൊണ്ടുവന്നത് ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.ഡി.ടി.പി.സിയുടെ നിർദ്ദേശപ്രകാരം നാലു മാസം മുൻപു ബീച്ചിലെ കുട്ടികളെ ആകർഷിക്കാനുള്ള പദ്ധതികൾക്ക് ഏജ്ലെസ് തുടക്കമിട്ടിരുന്നു.ഇനിയും വൈവിദ്ധ്യമേറിയ റൈഡുകൾ ഇവിടേക്ക് എത്താനുണ്ടെങ്കിലും അതെല്ലാം ബീച്ചിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്കാവും നടപ്പിൽ വരികയെന്നും ഷൈജു പറയുന്നു.