
വക്കം: തെരുവ് വിളക്ക് ഇല്ലാത്ത കൊല്ലമ്പുഴ പാലത്തിന് സമീപത്തെ റോഡിലെ വളവിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നും അഞ്ചും വാർഡുകളുടെ മദ്ധ്യഭാഗത്തൂടെ കടന്നുപോകുന്ന കൊല്ലമ്പുഴ റോഡിലെ കുഴികളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. കൊല്ലമ്പുഴ പാലം കഴിഞ്ഞു വരുന്ന പ്രദേശമായതിനാൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായതിനാൽ യാത്രക്കാർ പേടിച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്.
കെ.എസ്.ആർ.ടി.സി അടക്കമുള്ള സർവീസ് ബസുകൾ, സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. കൊടുംവളവായതിനാൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിത്തിരിയുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. നിരവധി തവണ ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ട് യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡായതിനാൽ പഞ്ചായത്ത് അധികാരികൾക്ക് ഇതിലൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വളവിലെ പാഴ്ച്ചെടികൾ വെട്ടിമാറ്റി, കുഴികൾ നികത്തി, വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.