കല്ലമ്പലം: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് കല്ലമ്പലം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ കൂട്ട ധർണ നടക്കും. കെ.എസ്.ഇ.ബി കല്ലമ്പലം സെക്ഷൻ പരിധിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാർ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് ജന പങ്കാളിത്തത്തോടെ ധർണ നടത്തുന്നത്. വിട്ടുവിട്ടുള്ള കറണ്ട് പോക്കും, മണിക്കൂറുകളോളം കറണ്ടില്ലാതിരിക്കലും വ്യാപാരികളെയും നാട്ടുകാരെയും വലച്ചതോടെ ഇത് സംബന്ധിച്ച് ആറ്റിങ്ങൾ എക്സിക്യൂട്ടീവ് എൻഞ്ചിനീയർക്ക് മേയ് 12ന് പരാതി നൽകി. എന്നാൽ പരാതി നൽകി 50 ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് പ്രകടനവും ധർണയും നടത്തുന്നത്. ഏകോപന സമിതി സംസ്ഥാന, ജില്ലാ, മേഖലാ യൂണിറ്റ് ഭാരവാഹികളും വിവിധ സന്നദ്ധ സംഘടന നേതാക്കളും പങ്കെടുക്കും.