kims

തിരുവനന്തപുരം: കാൻസർ പരിശോധയ്‌ക്കെത്തിയ രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് ഈന്തപ്പഴക്കുരു കണ്ടെത്തി. കിംസ് ഹെൽത്തിലായിരുന്നു സംഭവം. കഴുത്തിലൊരു മുഴയുമായാണ് തിരുവനന്തപുരം സ്വദേശിയായ 75കാരനെ കിംസ്‌ഹെൽത്ത് ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക പരിശോധനയിൽ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അർബുദമാണെന്ന് കണ്ടെത്തി. തുടർചികിത്സയ്‌ക്ക് മുന്നോടിയായി എടുത്ത പി.ഇ.ടി സി.ടി സ്‌കാനിംഗിൽ ശ്വാസകോശത്തിൽ മറ്റൊരു മുഴ കിംസ്‌ ഹെൽത്തിലെ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർചികിത്സ തീരുമാനിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ബോർഡ് ചേർന്നു.

ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റിൽ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കോശകലകളാൽ ഭാഗികമായി മൂടിയിരുന്ന മുഴ മൂന്നാഴ്ച മുമ്പ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളിൽപോയ ഈന്തപ്പഴക്കുരുവാണെന്ന് വ്യക്തമായത്. തുടർന്ന് ബ്രോങ്കോസ്‌കോപ്പിയുടെ സഹായത്തോടെ ശ്വാസനാളികൾക്ക് പരിക്കേൽക്കാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെ‌യ്‌തു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചകളായി രോഗിക്കുണ്ടായിരുന്ന ചുമയും ഒഴിവായി.

ചെറിയ വസ്‌തുക്കൾ ശ്വാസകോശത്തിൽ കുടുങ്ങുന്നത് കൂടുതലായി കുട്ടികളിലാണെന്നും അവരുടെ ശ്വാസനാളം ഇടുങ്ങിയതായതിനാൽ എത്രയുംവേഗം വസ്‌തു നീക്കം ചെയ്‌തില്ലെങ്കിൽ ജീവന് ഭീഷണിയായേക്കാമെന്നും കിംസ്‌ഹെൽത്ത് ഇന്റർവെൻഷണൽ പൾമണോളജി കൺസൾട്ടന്റ് ഡോ.അജയ് രവി പറഞ്ഞു.