തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പിന് പിന്നിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള കൂട്ടുകെട്ട്. നഗരസഭ ഓഫീസിൽ ഒരിക്കൽ പോലും കയറാതെയാണ് മരപ്പാലം സ്വദേശി അജയഘോഷ് അനധികൃതമായി കെട്ടിട നമ്പർ സംഘടിപ്പിച്ചത്. എൻജിനിയറിംഗ് വിഭാഗത്തിൽ ഫയൽ പോലുമില്ലാതെയാണ് ക്രമക്കേട് നടന്നത്.
മരപ്പാലം ടി.കെ.ദിവാകരൻ റോഡിലെ രണ്ട് കെട്ടിടങ്ങൾക്കാണ് അജയഘോഷ് അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയത്. റോഡിന് തൊട്ടടുത്തായി മുറിക്ക് പുറത്തേക്ക് ഷീറ്റ് കെട്ടിയ കെട്ടിടത്തിന് നിയമാനുസൃതം കെട്ടിട നമ്പർ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇടനിലക്കാരുടെ സഹായം തേടിയത്. ഇതിൽ ഒരു കെട്ടിടത്തിലാണ് അജയഘോഷിന്റെ സഹോദരിയുടെ തട്ടുകട. മറ്റൊന്ന് വർക്ക്ഷോപ്പിനായി വാടകയ്‌ക്ക് നൽകി. തൊട്ടടുത്ത് തന്നെ അജയഘോഷിന്റെ വെൽഡിംഗ് കടയുമുണ്ട്. കെട്ടിടത്തിന്റെ പ്ലാൻ വരച്ച് തയ്യാറാക്കി നഗരസഭയിൽ നൽകുന്നവരാണ് ഇടനിലക്കാരായി നിന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നമ്പർ സംഘടിപ്പിക്കുന്നത്. 10 വർഷത്തിലേറെയായി നഗരസഭയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന രണ്ടുപേർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
മരപ്പാലത്ത് സമഗ്ര അന്വേഷണം
വ്യാജ കെട്ടിട നമ്പർ ഒപ്പിച്ച അജയഘോഷിന്റെ കെട്ടിടത്തിന് സമീപപ്രദേശങ്ങളിലുളള കെട്ടിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നഗരസഭ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തീരുമാനം. അക്കൗണ്ട്‌സ് ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ പൊലീസ് നഗരസഭയിലെത്തി വിശദ പരിശോധന നടത്തി. അക്കൗണ്ട്‌സ് ഓഫീസർ ജയകുമാറുമായും പൊലീസ് സംസാരിച്ചു.
തട്ടിപ്പിന്റെ വ്യാപ്‌തി കൂടിയേക്കാം
തട്ടിപ്പിലൂടെ കൂടുതൽ പേർക്ക് വ്യാജകെട്ടിട നമ്പർ ലഭിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. രണ്ടുമാസത്തിനിടെ 1686 കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിൽ 312 എണ്ണത്തിന്റെ പരിശോധന പൂർത്തിയായപ്പോൾ തന്നെ രണ്ടെണ്ണത്തിൽ ക്രമക്കേട് കണ്ടെത്തി. മാത്രമല്ല, എൻജിനിയറിംഗ് വിഭാഗത്തിന് ഫയൽ കൈമാറാതെയാണ് റവന്യു വിഭാഗം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള തുടർനടപടി സ്വീകരിച്ചത്.
സ്ഥിരം ഐ.ടി ഓഫീസറില്ല
ഉന്നത ഉദ്യോഗസ്ഥർക്കടക്കം തട്ടിപ്പിൽ പങ്കുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്. ഒരുമാസം മാത്രം ദൃശ്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള നഗരസഭ സി.സി ടിവികൾ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ നഗരസഭ ഉടൻ പരിഹാരം കാണും. സ്ഥിരം ഐ.ടി ഓഫീസർ നഗരസഭയ്‌ക്ക് ഇല്ലാത്തതും ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്‌റ്റ്‌വെയറിലെ അപാകതയും തട്ടിപ്പുകാർക്ക് സഹായകരമായെന്നാണ് വിലയിരുത്തൽ. തട്ടിപ്പുകൾ നടന്നിട്ടും നഗരസഭയിലെ ഐ.ടി വിംഗിനെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
സമരം കടുപ്പിക്കാൻ പ്രതിപക്ഷം
തട്ടിപ്പിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് നഗരസഭയിലേക്ക് പ്രതിഷേധ ധർണ നടത്തും. വരുന്ന കൗൺസിലിൽ വിഷയം ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ബി.ജെ.പി നേതാക്കളുടെ തീരുമാനം. സമരം ശക്തമാക്കാൻ കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ പുരോഗതിയുണ്ട്. തട്ടിപ്പിന്
പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും.
ആര്യാ രാജേന്ദ്രൻ, മേയർ
' നഗരസഭയിൽ വലിയൊരു തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ട്. ഡാറ്റാ എൻട്രി
ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ തട്ടിപ്പ് നടക്കില്ല. ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്.
എം.ആർ. ഗോപൻ, ബി.ജെ.പി
പാർലമെന്ററി പാർട്ടി നേതാവ്
 രണ്ടുമാസത്തിനിടെ നമ്പർ നൽകിയ കെട്ടിടങ്ങൾ - 1686
 പരിശോധന പൂർത്തിയാക്കിയ കെട്ടിടങ്ങൾ - 312
 തട്ടിപ്പ് കണ്ടെത്തിയ കെട്ടിടങ്ങൾ - 2