
വർക്കല: ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.എ. മജീദിന്റ 42-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇടവയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏതൊരു പൊതുപ്രവർത്തകനും സ്വീകരിക്കേണ്ട കറ പുരളാത്ത ജീവിതശൈലിക്ക് ഉടമയായ ടി.എ. മജീദ് നിസ്വാർത്ഥ സേവനത്തിന്റെ മാതൃകാ വ്യക്തിത്വമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ഇടവയിൽ നടന്ന ടി.എ. മജീദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്. ഷൗക്കത്ത്, ജില്ലാ കൗൺസിൽ അംഗങ്ങളായ എ.എം. റൈസ്, വി. രഞ്ജിത്ത്, എഫ്. നഹാസ്, വിനോദ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി നബീൽ വഹാബ് സ്വാഗതവും എസ്. ബാബു നന്ദിയും പറഞ്ഞു.