തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ നിയുക്ത ബിഷപ്പുമാരായ ആന്റണി കാക്കനാട്ട് റമ്പാനും മാത്യു മനകരക്കാവിൽ റമ്പാനും 15ന് പട്ടം സെന്റ്‌ മേരീസ് കത്തീഡ്രലിൽ വച്ച് മെത്രാന്മാരായി അഭിഷിക്തരാകും. മാർ ഇവാനിയോസ് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന കുർബാന മദ്ധ്യേയാണ് ഇരുവരും മെത്രാന്മാരായി അഭിഷിക്തരാകുന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകർൾക്ക് നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രോപ്പോലീത്തമാർ സഹകാർമ്മികരാകും. സീറോ മലബാർ,ലത്തീൻ സഭകളിലെ മെത്രാന്മാരും മറ്റ് ക്രൈസ്‌തവ സഭകളിലെ മെത്രാന്മാരും ചടങ്ങിൽ സംബന്ധിക്കും. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നൽകും. ശുശ്രൂഷയ്‌ക്ക് ശേഷം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾഡോ ജിറേല്ലി, തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ തുടങ്ങിയവർ അനുഗ്രഹ സന്ദേശങ്ങൾ നൽകും. കത്തീഡ്രലിന് ഇരുവശവുമായി പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ പണി പൂർത്തിയായി വരുകയാണ്. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലും പട്ടം സെന്റ് മേരീസ് കോമ്പൗണ്ടിലുമായാണ് പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.