വിഴിഞ്ഞം: വാടക കുടിശികയുടെ പേരിൽ കുടിയിറക്ക് ഭീഷണിയിലായ മുല്ലൂരിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുല്ലൂർ ബ്രാഞ്ച് പോസ്റ്റോഫിസിൽ ഇന്നലെ പോസ്റ്റൽ അധികൃതർ സന്ദർശിച്ചു. നഗരസഭയുടെ കുടിയിറക്ക് ഭീഷണിയെന്ന വാർത്ത കഴിഞ്ഞ മാസം 29ന്‌ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പോസ്റ്റോഫീസ് ഒഴിപ്പിക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോസ്റ്റൽ അസി.സൂപ്രണ്ട് പ്രിയ, മെയിൽ ഓവർസിയർ പ്രേമചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് വിശദ റിപ്പോർട്ടിനായി എത്തിയത്. നഗരസഭയുടെ വിഴിഞ്ഞം മേഖലാ ഓഫീസ് അധികൃതരുമായി സംഘം സംസാരിച്ചു. പോസ്റ്റോഫീസ് മാറ്റില്ലെങ്കിലും നഗരസഭയുടെ വരുമാനമെന്ന നിലയിൽ വാടക അടയ്‌ക്കണമെന്ന് മേയർ വ്യക്തമാക്കി.