തിരുവനന്തപുരം: കോർപറേഷൻ ആസ്ഥാനത്ത് റവന്യൂ ഓഫീസറുടെ (ആർ.ഒ) കസേര ഒഴിഞ്ഞതിന് പിന്നാലെ അസി. റവന്യൂ ഓഫീസർക്ക് സ്ഥാനക്കയറ്റം നൽകി നഗരകാര്യ ഡയക്ടർ രണ്ടാഴ്ച മുമ്പ് ഉത്തരവ് നൽകിയെങ്കിലും കസേര നൽകാതെ കോർപറേഷൻ അധികൃതർ.അതേസമയം അസി.റവന്യൂ ഓഫീസറുടെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനും നൽകിയതോടെ അസി.റവന്യൂ ഓഫീസറായിരുന്ന സന്തോഷ് കസേരയില്ലാതെ അലയുന്നു.ഇടത് സംഘടനാ നേതാക്കളുടെ അനിഷ്ടം കാരണമാണ് ആർ.ഒയുടെ സുപ്രധാന കസേര സന്തോഷിന് നൽകാത്തതെന്നാണ് വിവരം.റവന്യൂ ഓഫീസറുടെ ചാർജ് അക്കൗണ്ട്സ് ഓഫീസറായ ജയകുമാറിനാണ് നൽകിയിരിക്കുന്നത്.
സന്തോഷിന് സ്ഥാനക്കയറ്റം ലഭിച്ചതോടെ അസി.റവന്യൂ ഓഫീസറുടെ ചാർജ് ഫോർട്ട് സോണലിലെ ആർ.ഒ വിജയകുമാറിനും നൽകി.അക്കൗണ്ട് ഓഫീസറായ ജയകുമാറിന് റവന്യൂ ഓഫീസറായി തുടരാനും വിജയകുമാറിന് ഫോർട്ടിൽ നിന്ന് മെയിൻ ഓഫീസിലെത്താനുമാണ് താത്പര്യം.ഇതിന് സംഘടനാ നേതാക്കളുടെ പിന്തുണയുമുണ്ട്. അതിനാൽ തത്കാലം സന്തോഷിന് കസേര നൽകാതെ നീണ്ടിക്കൊണ്ടുപോകാനാണ് നീക്കം.
ഉടൻ പുറത്തിറങ്ങുന്ന പൊതുസ്ഥലം മാറ്റത്തിൽ സന്തോഷിനെ തിരുവനന്തപുരത്തു നിന്ന് മാറ്റാനുള്ള ചരടുവലികളും നേതാക്കൾ നടത്തുന്നതായാണ് വിവരം. ഇടത് സംഘടനയിൽ ഉൾപ്പെടെ സന്തോഷ് അടുത്തിടെ ചില കാര്യങ്ങളിൽ സംഘടനയെ എതിർത്തിരുന്നു ഇതാണ് വിരോധത്തിന് കാരണം.അതേസമയം അക്കൗണ്ട് ഓഫീസറായ ജയകുമാർ കോൺഗ്രസ് സംഘടനാ നേതാവായിരുന്നു. പിണറായി സർക്കാർ രണ്ടാംവട്ടവും അധികാരത്തിലെത്തിയതോടെ ഇടത് പാളയത്തിലെത്തി അവർക്ക് പ്രിയങ്കരനായി.ഫോർട്ട് സോണലിലെ വിജയകുമാർ സംഘടനാ നേതാവാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തദ്ദേശമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ഉൾപ്പെടുത്താൻ ആലോചിച്ചെങ്കിലും പദവിയെ ചൊല്ലിയുള്ള തർക്കം കാരണം തീരുമാനമായില്ല.ഉദ്യോഗസ്ഥരെ നിയമിച്ചുള്ള ഉത്തരവ് നഗകരാര്യ ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചുകഴിഞ്ഞാൽ കോർപേറഷൻ സെക്രട്ടറിയാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. അതിനിടെ സംഘടനാ നേതാക്കൾ ഇടപെട്ടതോടെ സെക്രട്ടറിയും നിസഹായനായി.
ദുരിതം ജനങ്ങൾക്ക്
2000മുതൽ 10000 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് റവന്യു ഓഫീസറാണ് അനുമതി നൽകേണ്ടത്. ഇത്തരത്തിലുള്ള നിരവധി ഫയലുകളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്.ഞായറാഴ്ച നടന്ന ഫയൽ അദാലത്തിൽ പോലും റവന്യു വിഭാഗത്തിൽ കാര്യമായി നടപടിയുണ്ടായില്ല.