
തിരുവനന്തപുരം: പിന്നാക്ക മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെയും നൈപുണ്യ പരിശീലനത്തിലൂടെയും സമൂഹത്തിന്റെ നെറുകയിലെത്തിക്കുക, അതിനായി കൊല്ലം, അഞ്ചൽ വിളക്കുപാറ നിർമ്മിതിയിൽ ആൻസൻ പി.ഡി. അലക്‌സാണ്ടർ (34) ആദ്യം 'കനൽ" എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. ഇപ്പോൾ കനലിന്റെ ആഭിമുഖ്യത്തിൽ വായനായിടങ്ങൾ സ്ഥാപിക്കുന്നു. അഞ്ച് വർഷത്തിനിടെ കേരളത്തിലും കർണാടകയിലുമായി ഏഴ് വായനായിടങ്ങൾ.
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയർക്രാഫ്‌റ്റ് മെയിന്റനൻസ് ജീവനക്കാരനായ ആൻസൻ എൽ.എൽ.ബി ബിരുദധാരിയാണ്. അധികാരികൾ ശ്രദ്ധിക്കാത്ത പ്രദേശങ്ങളിലാണ് വായനായിടങ്ങൾ. അവിടെ പുസ്തകങ്ങൾ സൂക്ഷിക്കാം, വായിക്കാം. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനും സൈബർ ലോകത്തെ ചതിക്കുഴികൾ അറിയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും നാടൻപാട്ട് പഠിക്കാനും കരകൗശല വസ്‌തുക്കൾ നിർമ്മിക്കാനും മറ്റ് ജീവിത നൈപുണ്യങ്ങൾ പഠിക്കാനുമുള്ള പരിശീലനവും ഇവിടെ കിട്ടും. പുതിയ പുസ്‌തകം വാങ്ങുന്നതിനൊപ്പം സുഹൃത്തുക്കളിൽ നിന്ന് പഴയവയും വായനായിടത്തിലേക്കായി ശേഖരിക്കും. കൈയ്യിലെ കാശ് മുടക്കിയും സുഹൃത്തുക്കളിൽ നിന്ന് സംഭാവന സ്വീകരിച്ചുമാണ് പ്രവർത്തനത്തിനുളള പണം കണ്ടെത്തുന്നത്.
തുടക്കം വെട്ടിക്കവല കാവുങ്കൽ
2017ൽ കൊട്ടാരക്കരയ്‌ക്കടുത്ത് വെട്ടിക്കവല കാവുങ്കലിലാണ് ആദ്യത്തെ വായനായിടം തുടങ്ങിയത്. മുൻപ് ശൈശവ വിവാഹങ്ങൾ നടന്ന പ്രദേശമെന്ന നിലയിലാണ് കാവുങ്കൽ തിരഞ്ഞെടുത്തത്. സ്ഥലവാസിയായ ഓമന ഒരു സെന്റ് സ്ഥലം നൽകി. ഇപ്പോൾ മൂവായിരം പുസ്‌തകമുണ്ട്. ലൈംഗിക ചൂഷണത്തിനും ലഹരിക്കും എതിരായ ബോധവത്കരണം, ആർത്തവ ശുചിത്വം, നിയമസഹായ ക്ലാസുകൾ തുടങ്ങിയ പ്രവത്തനങ്ങൾ സജീവമാണ്. തിരുവനന്തപുരം വിമൻസ് കോളേജിന്റെ എക്‌സ്റ്റൻഷൻ സെന്ററുമായി സഹകരിച്ച് കാവുങ്കലിലെ അമ്മമാർക്കായി തയ്യൽ ക്ലാസും സംഘടിപ്പിച്ചു.
അട്ടപ്പാടിയിലെ നക്കുപതി, ജെല്ലിപ്പാറ, ദൈവകുണ്ഡ്, തിരുവനന്തപുരത്തെ പൂന്തുറ, ഇടിഞ്ഞാർ, കർണാടകയിലെ മൈസൂരിനടുത്തുള്ള ഹാലഗയന ഹുണ്ടി എന്നിവിടങ്ങളിലാണ് മറ്റ് വായനായിടങ്ങൾ.
കൗമാരക്കാരുടെ ആത്മഹത്യകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന തിരുവനന്തപുരം ഇടിഞ്ഞാറിൽ അടുത്തിടെയാണ് വായനായിടം ആരംഭിച്ചത്. ഇടിഞ്ഞാർ സർക്കാർ ട്രൈബൽ സ്‌കൂളുമായി ചേർന്നാണ് പദ്ധതി. കൂടുതൽ പിന്നാക്ക മേഖലകളിൽ വായനായിടം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ആൻസൻ. ഭാര്യ ഷാരോൺ തോമസ് തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിലെ സൈക്ക്യാട്രിസ്റ്റാണ്. മകൾ രണ്ട് വയസുള്ള ഇവാഞ്ചലിൻ.
'അക്ഷരം ആയുധവും അറിവ് ആത്മവിശ്വാസമാണ്. ഇത് രണ്ടും കുട്ടികൾക്ക് നൽകി അവർ നേരിടുന്ന പ്രതിസന്ധികളേയും ചൂഷണങ്ങളേയും അതിജീവിക്കാനുളള കരുത്ത് നൽകുകയാണ് വായനായിടങ്ങളുടെ ലക്ഷ്യം".
ആൻസൻ അലക്‌സാണ്ടർ