തിരുവനന്തപുരം:സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ കെ.കരുണാകരന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രസക്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു.കരുണാകരന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന സംഭവ ബഹുലമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം.ലീഡർക്കു പകരം വയ്‌ക്കാൻ മറ്റൊരു നേതാവില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു ഭരണകർത്താവിന്റെ ആദ്യത്തെയും,അവസാനത്തെയും പരിഗണന ജനങ്ങളായിരിക്കണം എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു.കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എം.പി,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ട്രഷറർ വി.പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, ജി.എസ്.ബാബു,​ ജി.സുബോധൻ, മരിയാപുരം ശ്രീകുമാർ,പഴകുളം മധു,എം.എം.നസീർ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ,പീതാംബരകുറുപ്പ്,രഘുചന്ദ്രപാൽ തുടങ്ങിയവർ പങ്കെടുത്തു.