വിഴിഞ്ഞം: ഭർത്താവിനോട് പിണങ്ങി പള്ളിയുടെ ഗോപുരത്തിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. പൊലീസും ഫയർഫോഴ്സും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. വിദേശത്ത് നിന്ന് തിരികെയെത്തിയ ഭർത്താവ് തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി വിഴിഞ്ഞം പള്ളിയിൽ എത്തിയ കോട്ടപ്പുറം സ്വദേശി മുപ്പത്തിരണ്ടുകാരിയാണ് 150 അടിയിലേറെ ഉയരമുള്ള പള്ളിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.

പള്ളി ഗോപുരത്തിന്റെ ആറാം നിലയ്ക്ക് മുകളിലുള്ള ഏറ്റവും ഉയരത്തിൽ കയറിക്കൂടിയ യുവതി കുടുംബപ്രശ്നം പരിഹരിച്ചില്ലെങ്കിൽ താഴേയ്ക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. കൈക്കുഞ്ഞടക്കം രണ്ട് മക്കളെയും മാതാവിനെയും താഴെ നിറുത്തിയ ശേഷമായിരുന്നു ഭീഷണി. സംഭവം കണ്ട നാട്ടുകാർ വിഴിഞ്ഞം പൊലീസിൽ വിവരമറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോപുരത്തിൽ കയറി യുവതിയെ അനുനയിപ്പിക്കാനുള്ള ആദ്യ ശ്രമം പാഴായി. തുടർന്ന് പൊലീസ് ഫയർഫോഴ്സിന്റെ സഹായം തേടി. വിഴിഞ്ഞം ഫയർസ്റ്റേഷൻ ഓഫീസർ ടി.കെ.അജയ്, അസി. സ്റ്റേഷൻ ഓഫീസർ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി.ഇതിനിടയിൽ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. അനുനയ നീക്കത്തിന്റെ ഫലമായി താഴെയിറങ്ങിയ യുവതിയെയും ഭർത്താവിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഒത്ത് തീർപ്പ് ചർച്ചകൾക്ക് ശേഷം ഇരുവരെയും വിട്ടയച്ചു.