bala

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൂന്ന് ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന ആരോപണത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന സി. ബി.ഐ ആവശ്യം കോടതി തള്ളി. കേസ് അനന്തമായി നീട്ടാനാകില്ലെന്ന് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആർ. രേഖ വ്യക്തമാക്കി.

ബാലുവിന്റെ മൂന്ന് ഫോണുകൾ മാനേജർ പ്രകാശൻ തമ്പി മംഗലപുരം പൊലീസിൽ നിന്ന് ഏ​റ്റുവാങ്ങിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഇയാളെ ചോദ്യം ചെയ്ത ഡി.ആർ.ഐ ഈ ഫോണുകൾ പിടിച്ചെടുക്കുകയും സി-ഡാക്കിൽ പരിശോധനയ്ക്ക് അയയ്‌ക്കുകയും ചെയ്തിരുന്നു. പരിശോധനാ ഫലം ഡി.ആർ.ഐയിൽ നിന്ന് സി.ബി.ഐ വാങ്ങിയിട്ടില്ല.

ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചില്ലെന്ന ബാലുവിന്റെ മാതാപിതാക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു സി.ബി.ഐ നടപടികൾ. ഫോണിലെ കാൾ വിവരങ്ങൾ പരിശോധിച്ചെന്ന് കോടതിയിൽ പറഞ്ഞ സി.ബി.ഐ, ഇക്കാര്യം അന്തിമറിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.