തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും പിന്നണി ഗായിക കെ.എസ്.ചിത്രയ്ക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സമ്മാനിച്ചു.കഴിഞ്ഞ രണ്ടു വർഷത്തെ പുരസ്‌കാരങ്ങളാണ് ഒരുമിച്ചാണ് സമ്മാനിച്ചത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചത് ചിത്തിര തിരുനാൾ ആയിരുന്നുവെന്ന് ഗവർണർ പറഞ്ഞു.ആധുനികവും വിശാലവുമായ കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു ചിത്തിര തിരുനാൾ.അതുകൊണ്ടാണ് ഇന്നും ജനങ്ങളുടെ മനസിൽ അദ്ദേഹം നിലനിൽക്കുന്നതെന്നും ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.

ചിത്തിര തിരുനാൾ ട്രസ്റ്റ് ചെയർമാനും മുൻ അംബാസിഡറുമായ ടി.പി.ശ്രീനിവാസൻ രചിച്ച 'ഇന്ത്യൻ ഫോറിൻ സർവ്വീസ്; ചാംസ് ആൻഡ് ചലഞ്ചസ്' എന്ന പുസ്തകം ചടങ്ങിൽ ഗവർണർ പ്രകാശിപ്പിച്ചു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ, ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ടി.സതീഷ് കുമാർ,ചിത്തിരതിരുനാൾ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി തുടങ്ങിയവർ സംസാരിച്ചു.


കേരളം വിട്ടുപോകരുതെന്ന് ഗവർണറോട് അഭ്യർത്ഥിച്ച് അടൂർ

തിരുവനന്തപുരം: ഇത്രയും ജനകീയനായ ഒരു ഗവർണർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഇവിടം വിട്ടുപോകരുത് എന്നത് കേരളീയരുടെ ആഗ്രഹമാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.ഒരു രക്ഷിതാവിനെയെന്നപോലെയാണ് കേരളീയർ ഇപ്പോഴത്തെ ഗവർണറെ കാണുന്നത്.കേരളം വിട്ട് പോകുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാനോട് അദ്ദേഹം അഭ്യർത്ഥിച്ചു.ശ്രീചിത്തിര തിരുനാൾ പുരസ്‌ക്കാരം ഗവർണറിൽ നിന്ന് ഏറ്റുവാങ്ങിയശേഷമാണ് അടൂർ ഇക്കാര്യം പറഞ്ഞത്.