
കുറ്റിച്ചൽ: കുറ്റിച്ചൽ - കോട്ടൂർ റോഡിലെ വളവുകളിൽ അപകടം പതിവാകുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയിൽ പച്ചക്കാട് കുന്നിൻപുറത്തിനടുത്ത് കൊടുംവളവിൽ ജീപ്പ് നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞു. വർക്ക്ഷോപ്പിൽ പണി കഴിഞ്ഞ് രാത്രി ഒന്നരയോടെ വാഴപ്പള്ളിയിലേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചെങ്കിലും പരിക്കില്ലാതെ ഡ്രൈവർ രക്ഷപ്പെട്ടു. മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിൽ വളവ് മുന്നറിയിപ്പോ മറ്റ് സുരക്ഷാ അറിയിപ്പോ ഇല്ലാത്തത് അപകടത്തിനിടയാക്കുന്നതായി പ്രദേശവാസികൾ പറയുന്നു.