എല്ലാ മലയാള മാസത്തിലെയും ഭരണിനാളിൽ പ്രത്യേക പൂജ
തിരുവനന്തപുരം:ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം യാഥാർത്ഥ്യമായതോടെ വരുംനാളുകളിൽ ഇവിടെ തീർത്ഥാടകരെത്തിത്തുടങ്ങും. സ്വാമികളുടെ ജന്മദിനമായ ചിങ്ങമാസത്തിലെ ഭരണി നാളിലായിരിക്കും ഇവിടത്തെ പ്രധാന വിശേഷ ദിവസം.ചിങ്ങത്തിലെ ഭരണി കേന്ദ്രീകരിച്ചാകും തീർത്ഥാടനനാളുകളെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രഡിസന്റ് എം.വിനോദ്കുമാർ പറഞ്ഞു.
ക്ഷേത്രവും ഗവേഷണ കേന്ദ്രവും തിങ്കളാഴ്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരാണ് നാടിന് സമർപ്പിച്ചത്.ആത്മീയതയ്ക്ക് പുറമേ ഭാഷയിലും സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന ചട്ടമ്പി സ്വാമികൾക്കുള്ള സമർപ്പണമായി എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയനാണ് ഇവ നിർമ്മിച്ചത്.
ജന്മഗൃഹമായ ഉള്ളൂർകോട് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തോടു ചേർന്ന ഭൂമിയിലാണ് സ്മാരകം.വാസ്തുശാസ്‌ത്രം അനുസരിച്ച് സുനിൽ പ്രസാദ് രൂപകല്പന ചെയ്ത ക്ഷേത്രത്തിൽ ചട്ടമ്പിസ്വാമികളുടെ പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠിച്ചത്.വെട്ടുകല്ലിലാണ് ക്ഷേത്ര നിർമ്മാണം. ദിവസവും ക്ഷേത്രത്തിൽ പൂജയുണ്ടായിരിക്കും.എല്ലാ മലയാള മാസത്തിലേയും ഭരണി നക്ഷത്ര ദിനത്തിൽ പ്രത്യേക പൂജയും വഴിപാടുകളും നടത്താനുള്ള സൗകര്യമുണ്ടാകും. കൊട്ടാരക്കര സ്വദേശി ശ്രീരാജാണ് പൂജാരി. അവൽ,കടല,അരവണ,പാൽപായസം, വെള്ളപ്പായസം തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങൾ.
നിത്യപൂജാ സമയം ഇങ്ങനെ
നടതുറക്കുന്നത് രാവിലെ 5.45ന്
നിർമ്മാല്യ ദർശനം 6ന്, തുടർന്ന് അഭിഷേകം
ഉഷപൂജ 6.30ന് തുടർന്ന് ദീപാരാധന
ഉച്ചപൂജ 9ന് തുടർന്ന് ദീപാരാധന
9.30ന് നട അടക്കും
വൈകിട്ട് നടതുറപ്പ് 5.30ന്
ദീപാരാധന 6.30ന്
അത്താഴപൂജ 7.15ന്
ദീപാരാധന 7.30ന്
7.45ന് നട അടയ്ക്കും