പാലോട്: മലയോര മേഖലകൾ ഒരു ഇടവേളയ്ക്കുശേഷം വ്യാജ മദ്യലോബി കൈയടക്കുന്നതായി പരാതി. ഗ്രാമീണ മേഖലയിലെ പല പ്രദേശങ്ങളിലും കഞ്ചാവ് വില്പന സംഘങ്ങൾ പോരടിക്കുന്ന കാഴ്ചകളും സ്ഥിരമാണ്. എന്നാൽ പൊലീസും എക്സൈസും പല നടപടികൾ സ്വീകരിച്ചിട്ടും അവയൊന്നും ഫലം കാണാത്ത കാഴ്ചയാണ് നിലവിൽ. വ്യാജ മദ്യലോബികളെ കുറിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം എത്തുന്നത് മുൻകൂട്ടി അറിയുന്ന ഇവർ കിലോമീറ്ററുകൾ താണ്ടിയിരിക്കും. വാമനപുരം റേഞ്ചിന് കീഴിൽ ഒൻപത് പഞ്ചായത്തുകളിലായി പതിനൊന്ന് വില്ലേജുകളാണുള്ളത്. ഇതിൽ തന്നെ ആദിവാസി മേഖല ഉൾക്കൊള്ളുന്ന മേഖലകളാണ് ഭൂരിഭാഗവും. കാട്ടുമൃഗങ്ങളും പാമ്പും ധാരാളമായുള്ള ഉൾക്കാടുകളിൽ എക്സൈസ് സംഘത്തിനോ പൊലീസിനോ എത്താൻ കഴിയാത്ത മേഖലയാണ് വാറ്റിനായി വ്യാജ മദ്യലോബി തിരഞ്ഞെടുക്കുന്നത്. എക്സൈസിന്റെ നേതൃത്വത്തിൽ ശക്തമായ റെയ്ഡാണ് നടത്തുന്നത്. ചാരായ വാറ്റിലേർപ്പെട്ടിരുന്ന നിരവധി പേരെയാണ് പിടികൂടിയത്. ചിലർ ഓടി രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ വാറ്റും വാറ്റുപകരണങ്ങളും പാത്രങ്ങളുമാണ് ഈ കാലയളവിൽ പിടികൂടിയിട്ടുള്ളത്. റെയ്ഡുകൾ ശക്തമായി തുടരുകയാണെങ്കിലും വ്യാജവാറ്റു സംഘങ്ങൾക്ക് തടയിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒപ്പം കഞ്ചാവും
വ്യാജമദ്യം പോലെ തന്നെ ഗ്രാമീണ മേഖലകളിലെ കോളനികളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും വ്യാപകമാണ്. എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കിലോക്കണക്കിന് കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. അതോടൊപ്പം ചില ചെറിയ കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. വിദേശമദ്യം വാങ്ങി, കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുന്ന സംഘങ്ങളും ഗ്രാമീണ മേഖലയിൽ സജീവമാണ്. വ്യാജമദ്യ നിർമ്മാണം തടയാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.