
തിരുവനന്തപുരം:പന്ത്രണ്ടാം വയസിൽ ഗാന്ധിജിയെ ദൂരെനിന്ന് കണ്ട ഗോപിനാഥൻ എന്ന ബാലൻ 'ഗാന്ധിയൻ' പി.ഗോപിനാഥൻ നായരായി മാറിയതിന് പിന്നിൽ മഹാത്മാവിനോടുള്ള ആരാധനയാണ്.
1922 ജൂലൈയിൽ നെയ്യാറ്റിൻകരയിലാണ് ഗോപിനാഥൻ ജനിച്ചത്. 1934 ലാണ് ഗാന്ധിജി കേരളത്തിൽ എത്തിയത്. നെയ്യാറ്റികരയിൽ ഗാന്ധിജിക്ക് സ്വീകരണം നൽകിയിരുന്നു. ബാലനായ ഗോപിനാഥനെ അച്ഛന്റെ സുഹൃത്ത് സമ്മേളന സ്ഥലത്തേക്ക് കൊണ്ടുപോയി. തുറന്ന കാറിൽ നിന്ന് ഉടുപ്പിടാത്ത മെലിഞ്ഞ ആൾ ഇറങ്ങിയപ്പോൾ ജനസഞ്ചയനം 'മഹാത്മാ ഗാന്ധി കീ ജയ്' എന്നു ഉച്ചത്തിൽ വിളിച്ചു. ജനങ്ങൾക്കിടയിലൂടെ തൊഴു കൈയോടെ നടന്ന ഗാന്ധിജി വേദിയിലേക്ക് ഓടിക്കയറി. ഗാന്ധിജി പ്രസംഗം തുടങ്ങി. ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹവായ്പ്പിൽ ആ ബാലന് ആരാധന തോന്നി. മൂന്നു മിനിറ്റ് പ്രസംഗത്തിന്റെ മലയാള പരിഭാഷയും ആകർഷിച്ചു. പിന്നീട് കോളജ് വിദ്യാർത്ഥിയായപ്പോൾ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യ സമരത്തിൽ ജയിലിലായി. ശാന്തിനികേതനിലെ പഠനം പുതിയ ജീവിത വീക്ഷണം നൽകി. 1946-48ൽ വിശ്വഭാരതിയിൽ ഗവേഷണ വിദ്യാർത്ഥിയായി. 1951ൽ കെ. കേളപ്പന്റെ ഗാന്ധി സ്‌മാരക നിധിയിൽ ചേർന്നു. പിന്നീട് അതിൻെറ അദ്ധ്യക്ഷനായി. ആചാര്യ വിനോബാഭാവെയുടെ ഭൂദാനയജ്ഞ പദയാത്രയിൽ 13 വർഷം പങ്കെടുത്തു. ജയപ്രകാശ് നാരായണന്റെ സത്യഗ്രഹങ്ങളിലും പങ്കുവഹിച്ചു. പഞ്ചാബിലെ ഹിന്ദു- സിഖ് സംഘർഷഭൂമിയിൽ രണ്ട് മാസം താമസിച്ച് സമാധാനസന്ദേശം പ്രചരിപ്പിച്ചു. ബംഗ്ളാദേശ് കലാപകാലത്ത് അഭയാർത്ഥികളുടെ ക്യാമ്പുകളിലെത്തി ആശ്വാസം നൽകി. രണ്ടാം മാറാട് കലാപം ശമിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകി. ഹിന്ദു-മുസ്ലീം സമുദായങ്ങൾക്കിടയിൽ മദ്ധ്യസ്ഥം വഹിച്ചു. സബർമതി ആശ്രമത്തിലെ ദീർഘകാല ജീവിതത്തിൽ പകർത്തിയ ഗാന്ധിയൻ ചര്യയാണ് നൂറാം വയസിലും അദ്ദേഹം അസുഖമില്ലാതെ ജീവിച്ചതിന് കാരണമെന്ന് സന്തത സഹചാരി അഡ്വ. ജയചന്ദ്രൻ പറയുന്നു.