തിരുവനന്തപുരം:തലസ്ഥാനത്തിന്റെ ചൈതന്യമായി നിറചിരിയോടെ സജീവമായി ഈ അടുത്ത കാലം വരെ പി.ഗോപിനാഥനൻ നായർ ഉണ്ടായിരുന്നു. ഗാന്ധിസ്മാരക നിധിയിൽ,സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾക്ക് മുന്നിൽ,സാംസ്കാരിക വേദികളിൽ,നീതി നിഷേധിക്കുന്നവർക്കെതിരെ പോരാടുന്നവർക്കുവേണ്ടി... മദ്യ വർജ്ജനത്തിനായി സമരം നയിക്കുന്നതിനും ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് ക്ലാസുകൾ എടുക്കുന്നതിനും അദ്ദേഹത്തിന് പ്രായം ഒരു തടസമേ ആയിരുന്നില്ല.
രാവിലെ അഞ്ചരയ്‌ക്ക് എഴുന്നേൽക്കും. തുടർന്ന് വീട്ടുമുറ്റം അടിച്ചുവാരി വൃത്തിയാക്കും.വസ്ത്രം സ്വന്തമായി കഴുകി ഉണക്കിയെടുക്കും.അങ്ങനെ മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങളെല്ലാം 99 വയസ് പിന്നിട്ടപ്പോഴും നിർവഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടേത്. അടുത്തിടെ അസുഖ ബാധിതനാകുന്നതുവരെ അദ്ദേഹത്തിന്റെ ദിനചര്യ ഇങ്ങനെയായിരുന്നു. കൊളസ്ട്രോളും പ്രഷറും അടക്കമുള്ള ജീവിതശൈലീ രോഗങ്ങളൊന്നും അദ്ദേഹത്തിനെ ബാധിക്കാതിരുന്നത് മിതമായ ഭക്ഷണവും മിതമായ സംസാരവും മുടങ്ങാത്ത യോഗയും ചേർന്നുള്ള ജീവിതക്രമം തന്നെയായിരുന്നു. സസ്യാഹാരിയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ജീവിതത്തിനിടയിലാണ് തന്റെ ജീവിതം ഈ വിധത്തിൽ പാകപ്പെടുത്തിയത്. ഉപനിഷത്തുകളിലും ബൈബിളിലും ഖുറാനിലുമെല്ലാം തികഞ്ഞ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു പി.ഗോപിനാഥനൻ നായർ.നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ 25 വർഷമായി എല്ലാ ഞായറാഴ്ചയും ഗീതാജ്ഞാന ക്ലാസ് നടത്തുന്നതിന് നേതൃത്വം നൽകിയിരുന്നു. ആർഷ സംസ്കാരവേദി എന്ന പേരിലായിരുന്നു ഈ ക്ളാസുകൾ നടത്തിയിരുന്നത്.
ഗാന്ധിസ്മാരക നിധിയുടെ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം നെയ്യാറ്റിൻകര കേന്ദ്രമാക്കി ആരംഭിച്ചതാണ് ഗാന്ധിമിത്ര മണ്ഡലം.ഈ സംഘടനയുടെ ആചാര്യ സ്ഥാനമായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. 21 ഉപസമിതികളുമായി ഗാന്ധിയൻ ആദർശങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വിലപ്പെട്ടതാണ്.
ചെങ്കൽ പഞ്ചായത്തിലെ 26 ഏക്കർ വിസ്തൃതിയിൽ ഉണ്ടായിരുന്ന വലിയകുളം എന്ന ജലാശയത്തെ സ്വാഭാവിക രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ അദ്ദേഹമാണ് മുൻകൈയെടുത്തത്. എൻ.എസ്.എസ് അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിന്ന പ്രവൃത്തിയിലൂടെ ജലസമൃദ്ധമായ കുളമായി വലിയകുളത്തെ മാറ്റിയെടുത്തു. ഗാന്ധിതീർത്ഥമെന്ന് പേരിട്ട ഈ ജലാശയത്തിൽ ടൂറിസം പ്രോജക്ട് നടപ്പാക്കാനുള്ള ചർച്ച നടന്നുവരികയാണ്.