തിരുവനന്തപുരം: തൂവെള്ള ഖദർപോലെ കറയില്ലാത്ത ഗാന്ധിയനായിരുന്ന പി.ഗോപിനാഥൻ നായർ വിട പറഞ്ഞത് നൂറാം പിറന്നാളിന് രണ്ട് ദിവസം മാത്രം ശേഷിക്കെ. 1922 ജൂലായ് ഏഴിനാണ് ഗോപിനാഥൻ
നായരുടെ ജനനം. മിഥുനത്തിലെ തൃക്കേട്ടനാളിലാണ് പിറന്നാളുണ്ണുന്നത്. നാളെയാണ് ജൂലായ് 7. തൃക്കേട്ട 11നും. പായസം കൂട്ടി ലളിതമായ സദ്യയിൽ ഒതുങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം.

സഹനസമരങ്ങളിലൂടെ പകർന്നുകിട്ടിയ കരുത്തിലായിരുന്നു പി. ഗോപനാഥൻ നായരുടെ സൗമ്യജീവിതം. ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരണത്തിന് രാജ്യം മുഴുവൻ സഞ്ചരിച്ചിട്ടുള്ള അദ്ദേഹം മൂന്നു വർഷമായി നെയ്യാറ്റിൻകരയിലെ നാരായണീയം എന്ന വീട്ടിലായിരുന്നു. ഭാര്യ സരസ്വതിയമ്മയും ഒപ്പമുണ്ടായിരുന്നു. യാത്രയും പ്രഭാഷണങ്ങളും ഇല്ലെങ്കിലും നാട്ടുവിശേഷങ്ങളൊക്കെ അറിഞ്ഞിരുന്നു. വ്യക്തമായ അഭിപ്രായവും പ്രതികരണവും ഉണ്ടായിരന്നു.

ഗാന്ധിസ്‌മാരക നിധിയുടെ പ്രാരംഭ അംഗമായ ഗോപിനാഥൻ നായർ പത്താമത്തെ ദേശീയ അദ്ധ്യക്ഷനാണ്. ഗാന്ധി പീസ് ഫൗണ്ടേഷൻ ഉന്നതതല കർമ്മസമിതി അംഗമാണ്. പഞ്ചാബിൽ സിഖ്–ഹിന്ദു സംഘർഷ സമയത്ത് സാഹസികമായി അവിടെ എത്തിയതും ശാന്തിയുടെ പാതയിലേക്ക് ജനങ്ങളെ നയിച്ചതും ആവേശത്തോടെ അദ്ദേഹം പറഞ്ഞിരുന്നു. മാറാട് സംഘർഷമുണ്ടായപ്പോൾ സമാധാനം സ്ഥാപിക്കാൻ ഗാന്ധിയൻമാരുടെ ശാന്തിസംഘത്തെ നയിച്ചു. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ പ്രസിഡന്റായി. പുതിയ തലമുറ അത്ഭുതം കൂറുന്ന എത്രയോ പ്രവ‌ർത്തനങ്ങൾ

പ്രായമേറിയപ്പോഴും ആരോഗ്യം മറന്നും സമരഭൂമിയിൽ അദ്ദേഹമുണ്ടായിരുന്നു. 95 വയസുള്ളപ്പോൾ അദ്ദേഹത്തിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് പരക്കെ പ്രതിഷേധം ഉയർത്തി.

മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിന് എത്തിയ യൂത്ത് കോൺഗ്രസുകാരെ നേരിടാൻ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം വഴിമാറി ഗോപിനാഥൻ നായർക്കു നേരെയും ചെന്നു. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ജല പ്രയോഗത്തിൽ അവശനായ അദ്ദേഹത്തെ പ്രവർത്തകർ താങ്ങിപ്പിടിച്ചു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

ഗാന്ധിജിയെ കണ്ടത് മൂന്ന് തവണ

ഗാന്ധിജിയെ മൂന്ന് തവണ കാണാനുള്ള ഭാഗ്യം ഗോപിനാഥൻ നായർക്കുണ്ടായി. രണ്ട് തവണയും നെയ്യാറ്റിൻകരയിലായിരുന്നു. 1934ലും 1937ലും. രണ്ടാം തവണ സമ്മേളനസ്ഥലത്ത് യുവ വോളന്റിയറായി ഗോപിനാഥൻ നായരുണ്ടായിരുന്നു. അന്ന് ഗാന്ധിജിയെ അടുത്തുകാണാനും ഇടപഴകാനും കഴിഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ബംഗാളിൽ വർഗീയകലാപം പൊട്ടിപ്പുറപ്പട്ട കാലം. 1946-48ൽ ടാഗോറിന്റെ വിശ്വഭാരതി സർവകലാശാലയിൽ ചീനാഭവനിലെ ഗവേഷണവിദ്യാർത്ഥിയായിരുന്നു ഗോപിനാഥൻനായർ. അന്ന് പ്രായം : 26. കൊൽക്കത്തിയിൽ വച്ചാണ് മൂന്നാമത് കണ്ടത്. '1934 ലും 37 ലും കണ്ട ഊർജസ്വലനായ ഗാന്ധിജിയെയല്ല അന്നവിടെ കണ്ടത്. നിരന്തരമായ ഉപവാസങ്ങളിലൂടെ എല്ലും തോലുമായ മനുഷ്യക്കോലത്തെയാണ്.'' കൊൽക്കത്തയിൽ വർഗീയകലാപം നടന്ന തെരുവുകളിൽ ഗാന്ധിജിയുടെ സമാധാനപ്രവർത്തനങ്ങളിൽ നാലു സഹപാഠികൾക്കൊപ്പം ഗോപിനാഥൻ നായരും പങ്കെടുത്തു