gopinathan-nair

1934 ജനുവരി 21. ഗോപിനാഥൻ നായരുടെ ജീവിതം മാറ്റിമറിച്ച ദിനം. ഗാന്ധിജിയുടെ നാലാം കേരളസന്ദർശനം കഴിഞ്ഞ് തമിഴ് നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ നെയ്യാറ്റിൻകരയിൽ പൗരസ്വീകരണം. ഗോപിനാഥൻ നായർക്ക് പ്രായം 12. അദ്ദേഹത്തിന്റെ അച്ഛൻ അഡ്വ എം പത്മനാഭപിള്ള സംഘടകസമിതിയംഗമായിരുന്നു .

ഗോപിനാഥൻ നായരുടെ വീടിന്റെ എതിർവശത്ത് ടൗൺ ഹാളിരിക്കുന്ന സ്ഥലത്തായിരുന്നു യോഗം. പന്തൽ ജനനിബിഢമായിരുന്നു. തുറന്ന കാറിൽ ഗാന്ധിജി എത്തി. മഹാത്മാഗാന്ധി കീ ജയ് എന്ന് ജനം ആർത്തുവിളിച്ചു. ഗോപിനാഥനും അതേറ്റുവിളിച്ചു. തൂവെള്ള ഖദർധോത്തിയുടുത്ത് എത്തിയ ഗാന്ധിജി തൊഴുകൈയോടെ വേദിയിലേക്ക് ഓടിക്കയറി. അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ ആരവമടങ്ങി. ചുരുങ്ങിയ വാക്കുകളിൽ അയിത്തോച്ചാടനത്തിന്റെയും ഹരിജനോദ്ധാരണത്തിന്റെയും ആവശ്യകത ഓർമിപ്പിക്കുന്നതായിരുന്നു പ്രസംഗം. അതിന്റെ സാരം മറ്റൊരാൾ മലയാളത്തിൽ പറയുന്നുണ്ടായിരുന്നു.

അന്നത്തെ അനുഭവം ഗോപിനാഥൻ നായർ വിവരിച്ചിട്ടുണ്ട് - ''ഇടയ്ക്കിടെ ഗാന്ധിജി അരയിൽ തൂക്കിയിരുന്ന വാച്ച് നോക്കുന്നുണ്ടായിരുന്നു. ഹരിജൻ ഫണ്ടിലേക്ക് സ്ത്രീകളടക്കം അനേകംപേർ പണവും ആഭരണങ്ങളും നൽകി. നന്ദിപറഞ്ഞ് അതിവേഗം കാറിനടുത്തേക്ക് നടക്കുമ്പോൾ ഞാൻ ഒരു കാന്തികവലയത്തിലെന്ന പോലെ അൽപ്പമൊന്ന് തരിച്ചുനിന്നു. അതൊരു ഞെട്ടലല്ല, അനുഭൂതിയായിരുന്നു.''