മലയിൻകീഴ്: പല ആവശ്യങ്ങൾക്കായി ദിനവും നിരവധിപേർ എത്തുന്ന മലയിൻകീഴ് ജംഗ്ഷനിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. കടകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ താവളമടിച്ചിട്ടുള്ള നായ്ക്കൾ ജനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടിവീഴും.മലയിൻകീഴ് സെൻട്രൽ ബാങ്കിന് മുന്നിൽ മുദ്രാ വായ്പ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ബാങ്കിന് പുറത്ത് ടോക്കൺ വിളിക്കുന്നതും കാത്തിരിക്കാറുണ്ട്. ഇതിനടുത്താണ് ബാങ്കിന്റെ എ.ടി.എം.കൗണ്ടർ, ട്യൂഷൻ സെന്റർ എന്നിവയും സ്ഥിതി ചെയ്യുന്നത്.ഇവിടെ നിരവധി തെരുവ് നായ്ക്കൾ താവളമടിച്ചിട്ടുണ്ട്. എ.ടി.എമ്മിലെത്തുന്നവരെയും ബാങ്കിന് മുന്നിൽ കാത്തിരിക്കുന്നവരെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്.കടികിട്ടിയാൽ ആരോട് പറയാൻ.കഴിഞ്ഞ ദിവസം സ്കൂട്ടറിലെത്തി എ.ടി.എം കൗണ്ടറിൽ പോകവേ തെരുവ് നായ യുവാവിനെ കടിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇവിടെ തെരുവ്നായ്ക്കൾക്ക് ചിലർ ആഹാരം നൽകുന്നതും ഇവ കൂട്ടംകൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
ആക്രമണം പതിവ്
തെരുവ് നായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും നിരവധിപേർക്ക് പരിക്കേറ്റിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം സ്കൂൾ കുട്ടിയെ മലയിൻകീഴ് ബി.എസ്.എൻ.എലിന് സമീപം തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മലയിൻകീഴ് വില്ലേജ് ഓഫീസിൽ എത്തുന്നവരും നായ്ക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്. മലയിൻകീഴ് പൊതുമാർക്കറ്റിൽ നിന്ന് സഞ്ചികളിൽ മത്സ്യമുൾപ്പെടെ വാങ്ങി പോകുന്നവരുടെ പിന്നാലെ നായ്ക്കളെത്തി സഞ്ചി കടിച്ചെടുത്ത് കടന്നുകളയും. സ്ത്രീകളെയാണ് നായ്ക്കൾ കൂടുതലും ആക്രമിക്കാറുള്ളത്. പൊതുമാർക്കറ്റിന് മുന്നിലും വില്ലേജ് ഓഫീസ് പരിസരത്തും സഹകരണ ബാങ്കിന് മുന്നിലും തെരുവ് നായ്ക്കളുടെ കൂട്ടം എപ്പോഴുമുണ്ടാകും. രാത്രിയും പകലുമില്ലാതെ നായ്ക്കളുടെ താവളമായിരിക്കുകയാണിവിടെ. കാൽനടക്കാർ ഇതുവഴി ഭീതിയോടെയാണ് കടന്ന് പോകുന്നത്.
പ്രധാന കേന്ദ്രങ്ങൾ
നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, മലയിൻകീഴ് താലൂക്ക് ആശുപത്രി, മലയിൻകീഴ് ഊറ്റുപാറ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റ്, പഞ്ചായത്ത് ഓഫീസ് പരിസരം, ശാന്തുമൂല, പാലോട്ടുവിള, കരിപ്പൂര് തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ താവളമാണ്.
ഭക്ഷണ അവശിഷ്ടങ്ങൾ കടിച്ചെടുത്ത് ഓടുന്ന നായയുടെ പിന്നാലെ മറ്റ് നായ്ക്കൂട്ടവും ഓടുന്നത് പലപ്പോഴും യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിവീഴുന്ന തെരുവുനായ്ക്കളുടെ ദേഹത്ത് തട്ടി ഇരുചക്രവാഹന യാത്രക്കാർ മറിഞ്ഞുവീണ് അപകടം ഉണ്ടാകുന്നുണ്ട്. ചിലപ്പോൾ താഴെവീണ് പരിക്കേൽക്കുന്ന ഇവരെ തെരുവ്നായ്ക്കൾ ആക്രമിക്കുകയും ചെയ്യും. കാൽനടയാത്രക്കാരും പേടിച്ചാണ് ഇതുവഴി നടക്കുന്നത്.