pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ 418 വർഷത്തിനുശേഷം മഹാകുംഭാഭിഷേകം നടന്നു. ഇന്നലെ രാവിലെ 6.10നും 6.50നും മദ്ധ്യേ ക്ഷേത്ര തന്ത്രി ഗോകുലിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ 2014ൽ ആരംഭിച്ച നവീകരണജോലികൾ ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പൂർത്തിയാക്കിയത്. 7 കോടി രൂപ ചെലവിട്ടാണ് നവീകരണം നടന്നത്.

ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, ഐ.ടി മന്ത്രി മനോതങ്കരാജ്‌, കന്യാകുമാരി എം.പി വിജയ് വസന്ത്, എം.എൽ.എമാരായ ദളവായി സുന്ദരം, രാജേഷ് കുമാർ, പ്രിൻസ്, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, മേയർ മഹേഷ് എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം - നാഗർകോവിൽ ദേശീയപാതയിൽ മാർത്താണ്ഡത്തുനിന്ന് കുലശേഖരം പോകുന്ന വഴിയിൽ തിരുവട്ടാർ ഡിപ്പോയ്‌ക്ക് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.