തിരുവനന്തപുരം:കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതിസന്ധി ഘട്ടങ്ങളിൽ നിവർത്താനും അടിസ്ഥാന ജനവർഗത്തിന്റെ ദൈനംദിന ജീവിതത്തിന് താങ്ങാകാനും വികസന പ്രവർത്തനങ്ങൾക്ക് കുതിപ്പേകാനും പ്രേരകമാകുന്ന സഹകരണമേഖലയെ ശാക്തീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.എൻ. വാസവൻ.കേരള എയ്ഡഡ് കോളജ് ടീച്ചേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംഘം പ്രസിഡന്റ് ഡോ.സി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ഗായത്രി ബാബു ലോഗോ പ്രകാശനം ചെയ്തു.

എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.എ.പ്രതാപചന്ദ്രൻ നായരിൽ നിന്ന് ആദ്യ സ്ഥിര നിക്ഷേപം എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് ഏറ്റുവാങ്ങി.സംഘം വൈസ് പ്രസിഡന്റ് പ്രൊഫ.ഡോ. കെ. ബിജുകുമാർ വിവിധ വായ്പാ പദ്ധതികളുടെ പ്രഖ്യാപനം നടത്തി.എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആർ.ബി.രാജലക്ഷ്മി, ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് കോഓപ്പറേറ്റീവ് ഹോണററി എസ്.റഫീഖ്,സംഘം ഹോണററി സെക്രട്ടറി ഡോ. സോജു.എസ്, ഭരണസമിതി അംഗം ഡോ.കെ. വിജയകുമാരി എന്നിവർ സംസാരിച്ചു.